എതിരാളികളെ തൊട്ടാലും തൊട്ടില്ലെങ്കിലും കാർഡ് : റഫറിമാർ കാസമിറോയോട് അനീതി കാണിക്കുന്നുവെന്ന് ടെൻ ഹാഗ്
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലൂട്ടൻ ടൗണിനെ അവർ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ ഹൊയ്ലുണ്ടാണ് യുണൈറ്റഡിന്റെ ഹീറോ. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം സൂപ്പർ താരം കാസമിറോയെ പരിശീലകൻ ടെൻ ഹാഗ് പിൻവലിച്ചിരുന്നു.
അതിനുള്ള കാരണം ഈ പരിശീലകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് മത്സരത്തിന്റെ ആദ്യ പകുതിയിൽ കാസമിറോക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം പകുതിയിൽ മറ്റൊരു യെല്ലോ കാർഡ് കൂടി ലഭിച്ച് പുറത്തു പോകാനുള്ള സാധ്യത കണ്ടുകൊണ്ടാണ് ടെൻ ഹാഗ് കാസമിറോയെ പിൻവലിച്ചത്.മാത്രമല്ല ഇക്കാര്യത്തിൽ അദ്ദേഹം റഫറിമാർക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.റഫറിമാർ കാസമിറോയോട് അനീതി കാണിക്കുന്നുവെന്നും അദ്ദേഹത്തിന് ആവശ്യമില്ലാതെ കാർഡുകൾ നൽകുന്നു എന്നുമാണ് ഈ പരിശീലകൻ ആരോപിച്ചിട്ടുള്ളത്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🗣️ Ten Hag: "It seems like he [Casemiro] is warned even when he doesn't touch the opponent." #MUFC 😂 pic.twitter.com/IvCmYimNFG
— UtdTruthful (@Utdtruthful) February 18, 2024
” എതിരാളികളെ തൊടാതിരുന്നാൽ പോലും കാസമിറോക്ക് ഇപ്പോൾ യെല്ലോ കാർഡുകൾ ലഭിക്കുന്നു.മത്സരത്തിന്റെ ആദ്യ മൊമെന്റുകളിലാണ് അത്. ഇത് വളരെ ഭ്രാന്തമാണ്. താരത്തിന് ലഭിച്ച ആദ്യത്തെ യെല്ലോ കാർഡ് തികച്ചും അന്യായമാണ്. അദ്ദേഹം വീണ്ടും ഒരു യെല്ലോ കാർഡ് കാണാൻ സാധ്യതയുണ്ടായിരുന്നു.അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ പിൻവലിച്ചത്. എതിരാളികളെ തൊട്ടാൽ ഉടൻ അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിക്കും. അദ്ദേഹത്തിനോട് കാണിക്കുന്ന അനീതിയാണത് “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് എട്ട് കാർഡുകൾ കാസമിറോ വഴങ്ങിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രണ്ട് റെഡ് കാർഡുകൾ വഴങ്ങിയിട്ടുള്ള താരം കൂടിയാണ് കാസമിറോ. യുണൈറ്റഡിന്റെ സുപ്രധാനതാരമായ കാസമിറോ രണ്ടാം പകുതിയിൽ ഇല്ലാത്തത് അവർക്ക് വളരെയധികം തിരിച്ചടി ഏൽപ്പിച്ചിരുന്നു. മത്സരത്തിൽ വലിയ ആക്രമണങ്ങളാണ് ലൂട്ടന്റെ ഭാഗത്ത് നിന്നും യുണൈറ്റഡിന് ഏൽക്കേണ്ടി വന്നിരുന്നത്.