എംബപ്പേയുടെ പകരക്കാരൻ,സലായെ റാഞ്ചാൻ പിഎസ്ജി റെഡി!
സമീപകാലത്ത് നിരവധി സൂപ്പർ താരങ്ങളെ പിഎസ്ജിക്ക് നഷ്ടമായിരുന്നു. ലയണൽ മെസ്സിയും നെയ്മറും ക്ലബ്ബ് വിട്ടിരുന്നു. കൂടാതെ സെർജിയോ റാമോസും എംബപ്പേയും ക്ലബ്ബിനോട് വിടപറഞ്ഞു. നിലവിൽ സൂപ്പർസ്റ്റാറുകളുടെ അഭാവം പിഎസ്ജി എന്ന ക്ലബ്ബിനകത്തുണ്ട്. കഴിഞ്ഞ സമ്മറിൽ ചില താരങ്ങൾക്ക് വേണ്ടി അവർ ശ്രമിച്ചിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.
എംബപ്പേയുടെ പകരം ഒരു മികച്ച താരത്തെ എത്തിക്കാൻ കഴിയാത്തത് പിഎസ്ജി ഉടമസ്ഥർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. മാത്രമല്ല ടീം ഇപ്പോൾ ഗംഭീര പ്രകടനമൊന്നും നടത്തുന്നില്ല. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവർ ആഴ്സണലിനോട് പരാജയപ്പെട്ടു എന്ന് മാത്രമല്ല പ്രകടനവും വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് പിഎസ്ജിയുടെ പദ്ധതി.
ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സലായുടെ ക്ലബ്ബ്മായുള്ള കോൺട്രാക്ട് വരുന്ന സമ്മറിലാണ് അവസാനിക്കുക. ഈ കരാർ അദ്ദേഹം പുതുക്കിയിട്ടില്ല എന്നുള്ളത് മാത്രമല്ല പുതുക്കാൻ തയ്യാറായിട്ടുമില്ല. ഫ്രീ ഏജന്റായി കൊണ്ട് സലാ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. പ്രത്യേകിച്ച് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിൽ നിന്നും ആകർഷകമായ ഒരു ഓഫർ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.സലാ ലിവർപൂൾ വിട്ടേക്കും എന്നുള്ള റൂമറുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.
ഈയൊരു അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പിഎസ്ജിയുള്ളത്. അതായത് വരുന്ന സമ്മറിൽ സലായെ സ്വന്തമാക്കാൻ വേണ്ടി വലിയ രൂപത്തിലുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുമെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഒരു വലിയ സാലറി തന്നെ അദ്ദേഹത്തിന് ക്ലബ്ബ് വാഗ്ദാനം ചെയ്യും. അതുവഴി സലായെ കൊണ്ടുവരാൻ കഴിയും എന്നാണ് ഈ ഫ്രഞ്ച് ക്ലബ്ബ് വിശ്വസിക്കുന്നത്.
പതിവുപോലെ മികച്ച പ്രകടനം ഇപ്പോഴും സലാ പുറത്തെടുക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗിലും കരബാവോ കപ്പിലുമായി രണ്ടു ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.