എംബപ്പേയുടെ കാര്യത്തിൽ മൂന്നാം തവണയെങ്കിലും ഭാഗ്യം തുണക്കുമെന്ന പ്രതീക്ഷയിൽ സിറ്റി!

പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പേ ക്ലബ് വിടാൻ തീരുമാനിക്കുമോ എന്നറിയാനുള്ള ആകാംക്ഷ ഫുട്ബോൾ ആരാധകരിൽ ഉദിച്ചു തുടങ്ങിയിട്ട് നാളുകളേറേയായി. താരത്തിന് വേണ്ടി ഒരുപിടി ക്ലബുകളാണ് നിലയിൽ രംഗത്തുള്ളത്. റയൽ മാഡ്രിഡ്‌, ലിവർപൂൾ, എഫ്സി ബാഴ്സലോണ,ബയേൺ, യുവന്റസ് തുടങ്ങിയ പ്രമുഖരെല്ലാം തന്നെ താരത്തിൽ കണ്ണുവെച്ചിട്ടുണ്ട്. എന്നാൽ ഏറെ കാലം മുമ്പ് തന്നെ താരത്തിന് വേണ്ടി ചരടുവലിക്കുന്ന ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. രണ്ട് തവണ എംബപ്പേക്ക് വേണ്ടി വിഫലശ്രമങ്ങൾ സിറ്റി നടത്തിയിട്ടുണ്ട്. തങ്ങളുടെ മൂന്നാം ശ്രമത്തിലെങ്കിലും തങ്ങളെ ഭാഗ്യം തുണക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ സിറ്റിയും പെപ് ഗ്വാർഡിയോളയുമുള്ളത്.ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെയാണ് സിറ്റിയുടെ ഈ രണ്ട് വിഫലശ്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്.

2015/16 സീസൺ മൊണോക്കോയുടെ യൂത്ത് ടീമിൽ കളിക്കുന്ന സമയത്ത് തന്നെ കിലിയൻ എംബപ്പേക്ക് വേണ്ടി മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തിയിരുന്നു. എന്നാൽ അന്ന് മൊണോക്കോ താരത്തെ കൈവിടാതിരിക്കുകയായിരുന്നു. പിന്നീട് എംബപ്പേ മൊണോക്കോയുമായി ഒഫീഷ്യൽ കോൺട്രാക്റ്റിൽ ഒപ്പ് വെച്ചു. എന്നാൽ സിറ്റി ശ്രമം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല.2016/17 സീസണിൽ ചാമ്പ്യൻസ് ലീഗിൽ മൊണോക്കോയും സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അതിന് ശേഷം താരത്തിന് വേണ്ടി സിറ്റി മൊണോക്കോയെ വീണ്ടും സമീപിച്ചിരുന്നു.മാത്രമല്ല പെപ് ഗ്വാർഡിയോള എംബപ്പേയുമായി നേരിട്ട് ചർച്ച നടത്താനും ഒരുങ്ങിയിരുന്നു. എന്നാൽ പിന്നീട് ഇത്‌ നടക്കാതെ പോവുകയായിരുന്നു. മാത്രമല്ല എംബപ്പേ പിഎസ്ജിയിൽ ജോയിൻ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ രണ്ടാം ശ്രമവും ഫലം കാണാതെ പോവുകയായിരുന്നു. ഇപ്പോൾ എംബപ്പേയുടെ ട്രാൻസ്ഫർ വീണ്ടും സജീവമായ സ്ഥിതിക്ക് സിറ്റിയും രംഗത്തുണ്ട്. മറ്റുള്ള ക്ലബുകൾക്ക് ശക്തമായ വെല്ലുവിളി ഇത്തവണയും സിറ്റി ഉയർത്തുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *