ഉന്നം പിഴച്ച് മുന്നേറ്റനിര താരങ്ങൾ, ലിവർപൂൾ നേരിടുന്നത് ഏറ്റവും വലിയ ഗോൾവരൾച്ച !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിലെ തളച്ചിരുന്നു. ഗോൾരഹിത സമനിലയിലാണ് യുണൈറ്റഡ് ആൻഫീൽഡിൽ വെച്ച് യുർഗൻ ക്ലോപിന്റെ പടയെ പിടിച്ചു കെട്ടിയത്. ലിവർപൂളിനിത് അത്ര നല്ല കാലമല്ല എന്ന് വ്യക്തമാണ്. എന്തെന്നാൽ കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിൽ ഗോൾ നേടാൻ ലിവർപൂളിന് കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ്. 2005-ന് ശേഷം ലിവർപൂൾ അനുഭവിക്കുന്ന ഏറ്റവും വവലിയ ഗോൾവരൾച്ചയാണിത്. അതായത് 2005-ന് ശേഷം ഇതാദ്യമായാണ് മൂന്ന് തുടർച്ചയായ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ലിവർപൂളിന് ലക്ഷ്യം കാണാനാവാതെ പോവുന്നത്. മാത്രമല്ല, 2018 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ആൻഫീൽഡിൽ ലിവർപൂളിന് ഗോൾ നേടാൻ സാധിക്കാതെ പോവുന്നത്.

ഡിസംബർ പത്തൊൻപതിന് നടന്ന മത്സരത്തിന് ശേഷമാണ് ലിവർപൂളിന്റെ കഷ്ടകാലം ആരംഭിച്ചത്. അന്ന് ക്രിസ്റ്റൽ പാലസിനെ 7-0 എന്ന സ്കോറിന് തകർത്ത ലിവർപൂളിന് പിന്നീട് പ്രീമിയർ ലീഗിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർഥ്യം. നാലു മത്സരങ്ങളാണ് അതിന് ശേഷം ലിവർപൂൾ ലീഗിൽ കളിച്ചത്. ഇതിൽ മൂന്നെണ്ണത്തിൽ സമനില വഴങ്ങിയപ്പോൾ ഒരെണ്ണത്തിൽ തോൽക്കാനായിരുന്നു വിധി. വെസ്റ്റ് ബ്രോം, ന്യൂകാസിൽ, യുണൈറ്റഡ് എന്നിവരോടാണ് സമനില വഴങ്ങിയതെങ്കിൽ സതാംപ്റ്റണാണ് ലിവറിനെ അട്ടിമറിച്ചത്. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ലിവർപൂൾ. ഒന്നാം സ്ഥാനക്കാരായ യുണൈറ്റഡുമായി മൂന്ന് പോയിന്റിന്റെ വിത്യാസമുണ്ട്. കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് 63 ഷോട്ടുകളാണ് ലിവർപൂളിന്റെ മുന്നേറ്റനിര തൊടുത്തത്. എന്നാൽ രണ്ട് ഗോളുകൾ മാത്രമാണ് നേടിയത്. 11 എണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കനായത്. ചുരുക്കി പറഞ്ഞാൽ ലിവർപൂളിന്റെ സലാ-മാനെ-ഫിർമിനോ ത്രയത്തിന് ഉന്നം പിഴക്കുന്നു എന്നർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *