ഈ ജേഴ്‌സി അണിയാൻ പോലും നിങ്ങൾ യോഗ്യരല്ല : യുണൈറ്റഡിനെതിരെ ആരാധകരുടെ പ്രതിഷേധം!

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് മോശം പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. കഴിഞ്ഞ എവെർടണെതിരെയുള്ള മത്സരത്തിൽ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. പുതിയ പരിശീലകനായ റാൾഫിന് കീഴിൽ കളിച്ച 22 മത്സരങ്ങളിൽ നിന്ന് കേവലം 9 വിജയങ്ങൾ മാത്രമാണ് യുണൈറ്റഡിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.മാത്രമല്ല,ഒരൊറ്റ കിരീടം പോലുമില്ലാതെ യുണൈറ്റഡ് ഈ സീസണും അവസാനിപ്പിക്കുമെന്നും ഉറപ്പായിട്ടുണ്ട്.

ഇതോടെ ക്ലബ്ബിന്റെ ഉടമസ്ഥർക്കെതിരെയും താരങ്ങൾക്കെതിരെയും യുണൈറ്റഡ് ആരാധകർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.യുണൈറ്റഡിന്റെ പരിശീലന മൈതാനത്തിന്റെ സമീപത്ത് 30-ഓളം വരുന്ന ആരാധകർ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.”ഈ ജേഴ്‌സി അണിയാൻ പോലും നിങ്ങൾ യോഗ്യരല്ല ” എന്ന ബാനർ അവർ ഉയർത്തുകയും ചെയ്തു.യുണൈറ്റഡിന്റെ അമേരിക്കൻ ഉടമസ്ഥരായ ഗ്ലയ്സേഴ്സ് ഫാമിലിക്കെതിരെയാണ് പ്രധാനമായും പ്രതിഷേധമുയർന്നത്. ഇതേക്കുറിച്ച് ക്ലബ്ബിന്റെ വക്താവ് പറഞ്ഞത് ഇങ്ങനെയാണ്.

” കാരിങ്‌ടൺ ട്രെയിനിങ് ഗ്രൗണ്ടിന്റെ പുറത്ത് ഒരു ചെറിയ സമാധാനപരമായ പ്രതിഷേധം ഇന്ന് നടന്നിരുന്നു. ക്ലബ്ബിന്റെ ആരാധകരുടെ അഭിപ്രായങ്ങൾ ഞങ്ങൾ മാനിക്കുന്നു.ആരാധകരുമായുള്ള ബന്ധം ഞങ്ങൾ ദൃഢപ്പെടുത്തുക തന്നെ ചെയ്യും ” ഇതാണ് വക്താവ് പറഞ്ഞിട്ടുള്ളത്.

ക്ലബ്ബിനെതിരെ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുണൈറ്റഡ് ആരാധകർ തീരുമാനിച്ചിട്ടുണ്ട്.വരുന്ന നോർവിച്ചിനെതിരെയുള്ള മത്സരത്തിൽ 17 മിനിറ്റോളം ഗ്രൗണ്ടിന്റെ പുറത്ത് നിൽക്കാൻ യുണൈറ്റഡ് ആരാധകർ തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *