ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ അവതരിച്ചു, ന്യൂകാസിലിനെ തരിപ്പണമാക്കി ചെകുത്താൻ പട!

അതേ.. അയാൾ അവതരിച്ചിരിക്കുന്നു.. അതും ഇരട്ട ഗോളുകളുമായി.. ഓൾഡ് ട്രാഫോഡിലെ ആർത്തലക്കുന്ന ആരവങ്ങൾക്ക്‌ മുന്നിൽ രണ്ട് ഗോളുകളുമായി ക്രിസ്റ്റ്യാനോ അവതരിച്ചപ്പോൾ ചെകുത്താൻ പടക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് ന്യൂകാസിലിനെ തകർത്തു വിട്ടത്. ബ്രൂണോ, ലിംഗാർഡ് എന്നിവരാണ് യുണൈറ്റഡിന്റെ ശേഷിച്ച ഗോളുകൾ നേടിയത്.ജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.4 മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.

ആദ്യ ഇലവനിൽ തന്നെ സോൾഷെയർ ക്രിസ്റ്റ്യാനോക്ക്‌ ഇടം നൽകിയിരുന്നു.ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് റൊണാൾഡോ യുണൈറ്റഡിന് ലീഡ് നേടികൊടുത്തത്. ഗ്രീൻവുഡിന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തുവെങ്കിലും കൃത്യസ്ഥാനത്തെത്തിയ റൊണാൾഡോ ഫിനിഷ് ചെയ്യുകയായിരുന്നു.

എന്നാൽ 56-ആം മിനുട്ടിൽ മാൻക്വില്ലോ ന്യൂകാസിലിന് സമനില നേടിക്കൊടുത്തു.പക്ഷേ 62-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ വീണ്ടും അവതരിച്ചു.ലൂക്ക് ഷോയുടെ പാസ് സ്വീകരിച്ച റൊണാൾഡോ ഒരു പിഴവും കൂടാതെ കൃത്യമായി ഫിനിഷ് ചെയ്തു.80-ആം മിനിറ്റിലാണ് ബ്രൂണോയുടെ ഗോൾ പിറക്കുന്നത്. പോഗ്ബയുടെ പാസ് സ്വീകരിച്ച താരം ബോക്സിന് വെളിയിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.92-ആം മിനിറ്റിൽ പോഗ്ബയുടെ അസിസ്റ്റിൽ നിന്ന് ലിംഗാർഡ് കൂടി ഗോൾ നേടിയതോടെ യുണൈറ്റഡിന്റെ ഗോൾ പട്ടിക പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!