ഇനി പോവുന്നത് പെലെയേയും മറഡോണയെയും സൈൻ ചെയ്യാൻ: ടോഡ് ബോഹ്ലിക്ക് ട്രോൾ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ ചെൽസിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസിയെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.ഏർലിംഗ് ഹാലന്റ്,കൊവാസിച്ച് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്.നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ചെൽസി ഇതുവരെ പച്ച പിടിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

ചെൽസിയുടെ ഉടമസ്ഥനായി കൊണ്ട് ടോഡ് ബോഹ്ലി വന്നതിനുശേഷം അവർ താരങ്ങളെ വാങ്ങിക്കൂട്ടിയതിന് കഴിയും കണക്കുമില്ല. ഇന്ന് ഒരു വലിയ സ്‌ക്വാഡ് തന്നെ ചെൽസിക്ക് അവകാശപ്പെടാൻ സാധിക്കുന്നുണ്ട്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഒരുപാട് താരങ്ങളെ ചെൽസി സ്വന്തമാക്കിയിരുന്നു.

ഇന്നലത്തെ ചെൽസിയുടെ മത്സരം വീക്ഷിക്കാൻ ബോഹ്ലിയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാമത്തെ ഗോൾ നേടിയതിന് പിന്നാലെ അദ്ദേഹം അവിടെ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. മത്സരം പൂർത്തിയാകുന്നതിനു മുന്നേ എഴുന്നേറ്റ് പോയതിൽ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് ബോഹ്ലിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ചില അഭിപ്രായങ്ങൾ ഗോൾ ഡോട്ട് കോം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് നമുക്കൊന്ന് പരിശോധിക്കാം.

ജോവോ ഫെലിക്സ്,വിക്ടർ ഒസിമെൻ,ചിയേസ,പെലെ,മറഡോണ എന്നിവരെ സൈൻ ചെയ്യാൻ വേണ്ടിയാണ് ബോഹ്ലി ഇപ്പോൾ പോകുന്നത് എന്നാണ് ഒരാൾ പരിഹാസ രൂപേണ പറഞ്ഞിട്ടുള്ളത്. നാണക്കേട് ഉണ്ടാക്കുന്ന ഉടമസ്ഥൻ എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിട്ടുള്ളത്.ട്രാൻസ്ഫർ മാർക്കറ്റിന്റെ സൈറ്റിൽ നിന്നും കൂടുതൽ താരങ്ങളെ കണ്ടെത്താൻ വേണ്ടിയാണ് ബോഹ്ലി പോയത് എന്നാണ് മറ്റൊരാൾ പറഞ്ഞിട്ടുള്ളത്. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ ഒരു 500 മില്യൺ പൗണ്ട് കൂടി ചിലവഴിക്കാനാണ് ബോഹ്ലി ഒരുങ്ങുന്നത് എന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം.

ചെൽസിയെ കേവലം ബിസിനസിന് വേണ്ടി മാത്രമാണ് ബോഹ്ലി ഉപയോഗിക്കുന്നതെന്ന് ഒരാൾ വിമർശിച്ചിട്ടുണ്ട്. അങ്ങനെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് ചെൽസിക്കും അവരുടെ ഉടമസ്ഥനും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി ചെൽസിയെ കാത്തിരിക്കുന്നത് കോൺഫറൻസ് ലീഗ് യോഗ്യത മത്സരമാണ്.സെർവെറ്റെ എന്ന ക്ലബ്ബിനെയാണ് ചെൽസി നേരിടുക. അതിനുശേഷം പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെയാണ് ചെൽസി കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *