ഇനിയും ഒരുപാട് കാലം പുറത്ത്, ആരാധകർക്ക് ഇമോഷണൽ മെസ്സേജുമായി ലിസാൻഡ്രോ മാർട്ടിനസ്.
കഴിഞ്ഞദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്. എന്നാൽ ഈ മത്സരത്തിനിടെ യുണൈറ്റഡിന്റെ അർജന്റൈൻ പ്രതിരോധനിര താരമായ ലിസാൻഡ്രോ മാർട്ടിനസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ കാൽമുട്ടിന് തന്നെയാണ് വീണ്ടും പരിക്കേറ്റിട്ടുള്ളത്.
തുടർന്ന് വിശദമായ പരിശോധന ക്ലബ്ബ് നടത്തി. രണ്ട് മാസത്തോളം ലിസാൻഡ്രോ പുറത്തിരിക്കേണ്ടി വരുമെന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ക്ലബ്ബിനും അർജന്റീന ദേശീയ ടീമിനും തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. എന്തെന്നാൽ യുണൈറ്റഡിന്റെ പ്രധാനപ്പെട്ട മത്സരങ്ങളും അർജന്റീനയുടെ മാർച്ചിലെ സൗഹൃദ മത്സരങ്ങളും ഈ ഡിഫന്റർക്ക് നഷ്ടമാകും.ഇതിന് പിന്നാലെ വൈകാരികമായ ഒരു സന്ദേശം ലിസാൻഡ്രോ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നിങ്ങളെല്ലാവരും വളരെ മഹത്തായ ഒരു പിന്തുണയാണ് എനിക്ക് ഈ സന്ദർഭത്തിൽ നൽകിയത്. അതിന് ഹൃദയത്തിൽ നിന്നുള്ള നന്ദി ഞാൻ രേഖപ്പെടുത്തുന്നു.ഞാൻ അധികം വൈകാതെ തന്നെ തിരിച്ചെത്തുമെന്ന് ഉറപ്പ് നൽകുന്നു. നമുക്ക് ഒരുമിച്ച് പോരാടാം. എപ്പോഴും ഐക്യത്തോട് കൂടി തുടരാം ” ഇതാണ് ഈ ഡിഫൻഡർ എഴുതിയിട്ടുള്ളത്.
I want to give a heartfelt thanks for the great support I've received and to reassure you that I'll soon be back out there, and we'll fight together. Always united!
— Lisandro Martinez (@LisandrMartinez) February 5, 2024
Quiero agradecer de todo corazón el gran apoyo que he recibido y transmitirles tranquilidad, pronto estaré… pic.twitter.com/tXEzAgm7ws
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സെവിയ്യക്കെതിരെയുള്ള മത്സരത്തിനിടെ ഈ താരത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അർജന്റീനയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും നിരവധി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.ഈയിടെയായിരുന്നു താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. വീണ്ടും പരിക്ക് അദ്ദേഹത്തിന് വില്ലനായിരിക്കുകയാണ്. അടുത്ത കോപ്പ അമേരിക്കയ്ക്ക് മുന്നേ അദ്ദേഹം പൂർണ സജ്ജനായി കൊണ്ട് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.