ഇതെല്ലാം മാധ്യമസൃഷ്ടി,സലായെ തൊടാൻ സാധിക്കില്ല : വ്യക്തമാക്കി ക്ലോപ്.

സൂപ്പർ താരം മുഹമ്മദ് സലായെ സ്വന്തമാക്കാൻ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഇത്തിഹാദിന് താല്പര്യമുണ്ട്. 150 മില്യൻ പൗണ്ടിന്റെ ഒരു ഓഫർ അവർ ലിവർപൂളിന് നൽകിയിരുന്നുവെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. ഇനി 200 മില്യൺ പൗണ്ടിന്റെ ഓഫറാണ് അൽ ഇത്തിഹാദ് നൽകുക. ഇത് സ്വീകരിച്ചുകൊണ്ട് ലിവർപൂൾ സലായെ കൈവിടുമെന്നും സലാക്ക് സൗദിയിലേക്ക് പോകാൻ താല്പര്യമുണ്ടെന്നും റൂമറുകൾ ഉണ്ടായിരുന്നു.

എന്നാൽ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഒരിക്കൽ കൂടി ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.സലായെ ആർക്കും തൊടാൻ സാധിക്കില്ല അഥവാ അദ്ദേഹത്തെ വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പലതും മാധ്യമസൃഷ്ടിയാണെന്നും ക്ലോപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സലാ അൺടച്ചബിളാണ്.അദ്ദേഹം ഇവിടെത്തന്നെ തുടരും.പലതും ഇവിടുത്തെ മാധ്യമങ്ങളുടെ സൃഷ്ടിയാണ്.അതൊന്നും സത്യമല്ല. ഇവിടെ എല്ലാം പൂർണമായും സാധാരണ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ട്.പക്ഷേ ഞങ്ങൾ വളരെ ശാന്തരാണ്.സലാ ഞങ്ങളുടെ താരമാണ്.അദ്ദേഹം ഇവിടെത്തന്നെ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ക്ലബ്ബിനോടുള്ള അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റിൽ എനിക്ക് ഒരിക്കലും സംശയം തോന്നിയിട്ടില്ല ” ഇതാണ് ലിവർപൂളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്താൻ ലിവർപൂളിന് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം.മത്സരത്തിൽ സലാ ഒരു ഗോൾ നേടിയിരുന്നു. ലിവർപൂളിന് വേണ്ടി അദ്ദേഹം നേടുന്ന 188ആം ഗോളായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *