ഇതെന്റെ അവസാനത്തെ വർഷമാണ്: തുറന്ന് പറഞ്ഞ് സലാ!

ഗംഭീര പ്രകടനമാണ് ഈ സീസണിലും ലിവർപൂളിന് വേണ്ടി ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സലാ നടത്തിക്കൊണ്ടിരിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് സലായാണ്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. പ്രീമിയർ ലീഗിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സലാ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഇന്നലത്തെ മത്സരത്തിനു ശേഷം ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഈ സൂപ്പർ താരം നടത്തിയിട്ടുണ്ട്. ലിവർപൂൾ എന്ന ക്ലബ്ബിനോടൊപ്പമുള്ള തന്റെ അവസാനത്തെ സീസണാണ് ഇത് എന്നാണ് സലാ പറഞ്ഞിട്ടുള്ളത്.വരുന്ന സമ്മറിലാണ് അദ്ദേഹത്തിന്റെ കരാർ അവസാനിക്കുക. ഈ കരാർ പുതുക്കുന്ന കാര്യത്തിൽ ക്ലബ്ബ് തന്നോട് ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും സലാ വെളിപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് ഈ സമ്മർ വളരെ മികച്ചതായിരുന്നു. പോസിറ്റീവ് ആയിക്കൊണ്ട് തുടരാൻ എനിക്ക് സാധിച്ചു. ഇത് ക്ലബ്ബിനോടൊപ്പമുള്ള എന്റെ അവസാനത്തെ വർഷമാണ് എന്നുള്ളത് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ.അതേക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പരമാവധി ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. അടുത്ത വർഷം എന്ത് സംഭവിക്കും എന്നുള്ളത് നമുക്ക് നോക്കാം. ക്ലബ്ബിൽ ഉള്ള ആരും തന്നെ കോൺട്രാക്ടിനെ കുറിച്ച് എന്നോട് സംസാരിച്ചിട്ടില്ല.ഞാൻ ക്ലബ്ബിനോടൊപ്പമുള്ള അവസാനത്തെ സീസൺ ആണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്ത് സംഭവിക്കും എന്നുള്ളത് നമുക്ക് നോക്കാം. കോൺട്രാക്ടിനെ കുറിച്ച് ആരും സംസാരിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം “ഇതാണ് സല പറഞ്ഞിട്ടുള്ളത്.

അതായത് കോൺട്രാക്ട് പുതുക്കാൻ ലിവർപൂൾ ആഗ്രഹിക്കുന്നില്ല എന്ന് വേണം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ. നേരത്തെ സൗദി ക്ലബ്ബായ അൽ ഇതിഹാദ് വലിയ തുക ഓഫർ നൽകിക്കൊണ്ട് താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.പക്ഷേ ലിവർപൂൾ അത് റിജക്ട് ചെയ്യുകയായിരുന്നു. അടുത്ത സമ്മറിൽ താരം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടുകയാണെങ്കിൽ അത് ലിവർപൂളിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *