ഇതുവരെ മികച്ച ആറ്റിറ്റ്യൂഡ് ഇല്ലായിരുന്നു : ഗർനാച്ചോയെ കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്!

ഇന്നലെ യുവേഫ യൂറോപാ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡ് സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. യുവ സൂപ്പർതാരമായ അലെജാൻഡ്രോ ഗർനാച്ചോയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ കരസ്ഥമാക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത്.യുണൈറ്റഡിന്റെ സീനിയർ ടീമിന് വേണ്ടി താരം നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇത്.

ഏതായാലും ഈ മത്സരശേഷം ഗർനാച്ചോക്ക് ഇതുവരെ അവസരങ്ങൾ ലഭിക്കാത്തതിന്റെ കാരണം സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് ഇതുവരെ താരത്തിന് മികച്ച ആറ്റിറ്റ്യൂഡ് ഇല്ലായിരുന്നു എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ അദ്ദേഹം മികച്ച നിലയിലേക്ക് എത്തുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും ബ്രൂണോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ അദ്ദേഹം നല്ല നിലയിലാണ്. പക്ഷേ ഞങ്ങൾ ഗർനാച്ചോയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോഴും യുവതാരമാണ്. നല്ല രൂപത്തിൽ തന്നെയാണ് അദ്ദേഹം കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്.ഈ സീസണിന്റെ തുടക്കത്തിൽ അദ്ദേഹം അത്ര മികച്ച നിലയിൽ ആയിരുന്നില്ല. ഇതുവരെ മികച്ച ആറ്റിറ്റ്യൂഡ് അദ്ദേഹം കാണിച്ചിരുന്നില്ല.അതുകൊണ്ടാണ് അവസരങ്ങൾ ലഭിക്കാതിരുന്നത്. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കാനുള്ള കാരണം നല്ല രൂപത്തിൽ അദ്ദേഹം പരിശീലനം ചെയ്യുന്നുണ്ട്. ഇപ്പോൾ മികച്ച ആറ്റിറ്റ്യൂഡ് അദ്ദേഹത്തിനുണ്ട്. അദ്ദേഹം അവസരങ്ങൾ അർഹിക്കുന്നുമുണ്ട് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയെയാണ് നേരിടുക.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *