ഇതല്ല ഞങ്ങളുടെ ആരാധകർ അർഹിച്ചിരുന്നത് : നാണം കെട്ട തോൽവിയെ കുറിച്ച് ക്രിസ്റ്റ്യാനോ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റു വാങ്ങേണ്ടി വന്നത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ലിവർപൂൾ ഓൾഡ് ട്രാഫോഡിൽ വെച്ച് യുണൈറ്റഡിനെ കശാപ്പ് ചെയ്തത്. സൂപ്പർ താരം സലായുടെ ഹാട്രിക്ക് മികവിലാണ് ലിവർപൂൾ ഈ മിന്നുന്ന വിജയം സ്വന്തമാക്കിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഏതായാലും ഈ കനത്ത തോൽ‌വിയിൽ റൊണാൾഡോ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. നല്ല ഒരു റിസൾട്ടായിരുന്നു ആരാധകർ അർഹിച്ചിരുന്നത് എന്നാണ് ക്രിസ്റ്റ്യാനോ അറിയിച്ചത്. മത്സരശേഷമുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് റൊണാൾഡോ ഇക്കാര്യം പങ്കു വെച്ചത്.

“ചില സമയങ്ങളിൽ നമ്മൾ പോരാടുന്ന റിസൾട്ട്‌ നമുക്ക് ലഭിച്ചേക്കില്ല.ചില സമയങ്ങളിൽ സ്കോർ നമ്മൾ ആഗ്രഹിക്കുന്നതായിരിക്കില്ല.ഈ തോൽവി നമ്മുടേതാണ്, ഞങ്ങളുടേത് മാത്രമാണ്, കാരണം ഇതിന് മറ്റാരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല.ഞങ്ങളുടെ ആരാധകർ വലിയ പിന്തുണ ഒരിക്കൽ കൂടി ഞങ്ങൾക്ക്‌ നൽകി.ഇതിലും മികച്ച ഒരു റിസൾട്ട്‌ ആയിരുന്നു അവർ അർഹിച്ചിരുന്നത്.ഇനി അത് നേടിയെടുക്കേണ്ടതുണ്ട്. അതിനുള്ള സമയം വന്നെത്തിയിരിക്കുന്നു ” ക്രിസ്റ്റ്യാനോ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *