ഇതത്ര നല്ല കാര്യം ഒന്നുമല്ല: ബൈസിക്കിൾ കിക്കിൽ ഗർനാച്ചോക്ക് ബ്രൂണോയുടെ മുന്നറിയിപ്പ്!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർടണെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത് അർജന്റൈൻ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോയായിരുന്നു. ഒരു തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോൾ ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. അതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ അദ്ദേഹം അനുകരിച്ചതും ശ്രദ്ധേയമായിരുന്നു.
മത്സരശേഷം സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ഈ ഗോളിനെ പ്രശംസിച്ചിരുന്നു.ക്രിസ്റ്റ്യാനോയുടെ വീഡിയോസ് ഒരുപാടധികം ഗർനാച്ചോ കാണുന്നുണ്ടെന്ന് തോന്നുന്നു എന്നായിരുന്നു ബ്രൂണോ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു മുന്നറിയിപ്പും ബ്രൂണോ നൽകിയിട്ടുണ്ട്. എപ്പോഴും ഈ ബൈസിക്കിൾ കിക്കിന് ശ്രമിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്ന മുന്നറിയിപ്പാണ് ബ്രൂണോ നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Boom. pic.twitter.com/PyH8Sx4nub
— Alejandro Garnacho FC (@agarnacho17) November 26, 2023
“എവർടണെതിരെയുള്ള മത്സരത്തിൽ ഞങ്ങളെ ഉയർത്തിയത് ഗർനാച്ചോയുടെ ഗോളായിരുന്നു. ഇത്തരത്തിലുള്ള നിമിഷങ്ങൾ ഞങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. മത്സരം വിജയിക്കാൻ ഇത്തരം സ്പെഷ്യലായിട്ടുള്ള കാര്യങ്ങൾ ആവശ്യമാണ്. അത് ചെയ്യാൻ കഴിവുള്ള ഒരു താരമാണ് ഗർനാച്ചോ.ഗർനാച്ചോ ഇത്തരത്തിലുള്ള ഗോളുകൾ നേടാൻ വേണ്ടി ട്രെയിനിങ് നടത്താറുണ്ടോ എന്നത് എനിക്കറിയില്ല, പക്ഷേ എപ്പോഴും അതിനു വേണ്ടി ശ്രമിക്കുന്നതും പരിശീലനം നടത്തുന്നതും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് നല്ലതാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അത് പുറം ഭാഗത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം ” ഇതാണ് യുണൈറ്റഡ് സൂപ്പർ താരമായ ബ്രൂണോ പറഞ്ഞിട്ടുള്ളത്.
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. തുർക്കിഷ് ക്ലബ്ബായ ഗലാറ്റസറെയാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:15ന് തുർക്കിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ആദ്യ മത്സരത്തിൽ യുണൈറ്റഡ് ഇവരോട് പരാജയപ്പെട്ടിരുന്നു. നിലവിൽ ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.