ആ വാതിലുകൾ അടഞ്ഞിട്ടുണ്ട്: ബാഴ്സയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് പെപ്
2008 ലായിരുന്നു പെപ് ഗാർഡിയോള എഫ്സി ബാഴ്സലോണ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നത്. ബാഴ്സ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അത്. പക്ഷേ പെപ്പിന്റെ കീഴിൽ അത്ഭുതകരമായ പ്രകടനമാണ് അവർ നടത്തിയത്. ഒരു സീസണിൽ 6 കിരീടങ്ങൾ സ്വന്തമാക്കാൻ അന്ന് ബാഴ്സക്ക് കഴിഞ്ഞിരുന്നു. രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഇദ്ദേഹം ബാഴ്സക്ക് നേടിക്കൊടുത്തിട്ടുണ്ട്.
പിന്നീട് 2012ൽ പെപ് ബാഴ്സയുടെ പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു. പിന്നീട് കുറച്ചു വർഷക്കാലം ബയേണിനെ പരിശീലിപ്പിച്ച പെപ് 2016ൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി കൊണ്ട് ചുമതല ഏൽക്കുകയും ചെയ്തു.അടുത്ത വർഷമാണ് ഈ പരിശീലകന്റെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കോൺട്രാക്ട് അവസാനിക്കുക.ഈ കരാർ പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുക്കാൻ പെപ്പിന് കഴിഞ്ഞിട്ടില്ല. വരുന്ന സീസണിന് ശേഷം അദ്ദേഹം സിറ്റി വിടാനുള്ള സാധ്യതകൾ ഏറെയാണ്.
കഴിഞ്ഞ ദിവസത്തെ ഒരു ഇവന്റിൽ പെപ്പിനോട് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരികെ പോകാൻ സാധ്യതകൾ ഉണ്ടോ?അതല്ല ആ വാതിലുകൾ അടഞ്ഞോ എന്നായിരുന്നു ചോദ്യം. ആ വാതിലുകൾ അടഞ്ഞു എന്നുള്ള മറുപടിയാണ് ഈ പരിശീലകൻ നൽകിയിട്ടുള്ളത്. അതായത് പെപ് ഇനി ബാഴ്സയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. അതിന് സാധ്യതയില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞു വെച്ചിട്ടുള്ളത്.
അടുത്ത സീസണിന് ശേഷം പെപ് ബാഴ്സയിലേക്ക് എത്തില്ല. മാത്രമല്ല ഭാവിയിൽ അദ്ദേഹം എത്താനുള്ള സാധ്യതകളും കുറവാണ്. ബാഴ്സയെ പരിശീലിപ്പിക്കുന്നത് വളരെയധികം പ്രഷറുള്ള ജോലിയാണ് എന്ന കാരണത്താലാ യിരുന്നു അദ്ദേഹം 2012ൽ ക്ലബ്ബ് വിട്ടിരുന്നത്.പെപ് ബാഴ്സയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും പരിശീലകനായി കൊണ്ട് അങ്ങോട്ട് മടങ്ങി പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. നിലവിൽ ബാഴ്സയുടെ പുതിയ പരിശീലകനായി ഹാൻസി ഫ്ലിക്ക് ചുമതലയേറ്റു കഴിഞ്ഞിട്ടുണ്ട്.