ആ ആരാധകരെ നിനക്കിഷ്ടപ്പെടും, യുണൈറ്റഡിൽ എത്തും മുമ്പ് ബ്രൂണോയോട് ക്രിസ്റ്റ്യാനോ പറഞ്ഞതിങ്ങനെ !

കഴിഞ്ഞ വർഷത്തെ ജനുവരി ട്രാൻസ്ഫറിലായിരുന്നു ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. 47 മില്യൺ പൗണ്ടിനാണ് താരം ഓൾഡ് ട്രാഫോഡിൽ എത്തിച്ചേർന്നത്. ടോട്ടൻഹാം താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നുവെങ്കിലും ബ്രൂണോ യുണൈറ്റഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏതായാലും യുണൈറ്റഡിൽ എത്തിയ ശേഷം തകർപ്പൻ പ്രകടനമാണ് താരത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാവുന്നത്. യുണൈറ്റഡിൽ ചേരുന്നതിന് മുമ്പ് തനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും കുറച്ചു ഉപദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രൂണോ. യുണൈറ്റഡിൽ ചേരാൻ തീരുമാനിച്ച ശേഷമാണ് താരം റൊണാൾഡോയോട് അഭിപ്രായം ചോദിച്ചതെന്നും ബ്രൂണോ അറിയിച്ചു. കഴിഞ്ഞ ദിവസം എൻബിസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ബ്രൂണോ ഇതെക്കുറിച്ച് സംസാരിച്ചത്.

” യുണൈറ്റഡിനെ കുറിച്ച് ഞാൻ ക്രിസ്റ്റ്യാനോയുമായി സംസാരിച്ചിരുന്നു. കാരണം എന്നേക്കാൾ കൂടുതൽ യുണൈറ്റഡിനെ കുറിച്ച് അദ്ദേഹത്തിനറിയാം. അദ്ദേഹം ചില ഉപദേശങ്ങൾ ഒക്കെ എനിക്ക് നൽകി. എന്നെ സംബന്ധിച്ചെടുത്തോളം അത്‌ പ്രധാനപ്പെട്ടതായിരുന്നു. എന്തായാലും ഞാൻ ആ ക്ലബ്ബിലേക്ക് ചേക്കേറാൻ തീരുമാനിച്ചിരുന്നു. പക്ഷെ ക്രിസ്റ്റ്യാനോയോട് സംസാരിക്കുക എന്നുള്ളത് നല്ല കാര്യമാണ്. ഞങ്ങൾ ക്ലബ്ബിനെ കുറിച്ച് ജസ്റ്റ്‌ സംസാരിക്കുകയാണ് ചെയ്തത്. ആ ക്ലബ് എത്രത്തോളം വലുതാണെന്നും എനിക്ക് എത്രത്തോളം നല്ലതായിരിക്കും എന്നതിനെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് ‘ യുണൈറ്റഡിലേക്ക് പോകൂ.. അവിടം ആസ്വദിക്കൂ.. ആ ആരാധകരെ നിനക്ക് ഇഷ്ടപ്പെടും. അവരും നിന്നെ ഇഷ്ടപ്പെടും. നിന്റെ മത്സരങ്ങൾ ആസ്വദിക്കൂ. അപ്പോൾ നിന്റെ മികച്ചത് പുറത്തു വരും “. ബ്രൂണോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *