ആർക്കും മെസ്സിയെ പോലെയാവാൻ സാധിക്കില്ല:പപ്പുവിന്റെ താരതമ്യത്തെക്കുറിച്ച് യുണൈറ്റഡ് താരം.

കേവലം 21 വയസ്സ് മാത്രമുള്ള അമദ് ഡയാലോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്. നേരത്തെ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡിൽ പപ്പു ഗോമസിനൊപ്പം ഇദ്ദേഹം കളിച്ചിട്ടുണ്ട്. വേഗത്തിലുള്ള മുന്നേറ്റങ്ങളും ഡ്രിബ്ലിങ്ങ് മികവും ഈ താരത്തെ വ്യത്യസ്തനാക്കുന്നു. ഐവറി കോസ്റ്റ് താരമായ ഇദ്ദേഹത്തിന് ഐവേറിയൻ മെസ്സി എന്ന വിശേഷണം ലഭിച്ചിട്ടുണ്ട്.

പപ്പു ഗോമസ് തന്നെ ഡയാലോയെ മെസ്സിയുമായി താരതമ്യം ചെയ്തിരുന്നു. ലയണൽ മെസ്സിയെ പോലെയാണ് ഡയാലോയെന്നും അദ്ദേഹത്തെ തടയാൻ നമുക്ക് കഴിയില്ല എന്നുമായിരുന്നു പപ്പു ഗോമസ് പറഞ്ഞിരുന്നത്.ഇതിനോട് ഈ താരം ഇപ്പോൾ തന്നെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ആർക്കും മെസ്സിയെ പോലെ ആവാൻ കഴിയില്ല എന്നാണ് ഡയാലോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ട്രെയിനിങ്ങിൽ ഞാൻ ലയണൽ മെസ്സിയെ പോലെയാണ് എന്നത് അവർ പറഞ്ഞതായി ഞാൻ അറിഞ്ഞു.പക്ഷേ ആർക്കും തന്നെ മെസ്സിയെ പോലെ ആവാൻ സാധിക്കില്ല. ഞാൻ മെസ്സിയെ പോലെ കളിക്കുന്നു എന്ന് പപ്പു പറഞ്ഞതിൽ എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്.പക്ഷേ മെസ്സിയെ പോലെ ആവാൻ കഴിയില്ല എന്നതാണ് റിയാലിറ്റി. കൂടുതൽ സ്കോറിങ്ങും ഡ്രിബ്ലിങ്ങും നടത്താൻ ഇപ്പോൾ എനിക്ക് സാധിക്കുന്നുണ്ട്.അതുകൊണ്ടാണ് ഇത്തരത്തിലുള്ള താരതമ്യങ്ങളൊക്കെ വരുന്നത്. പക്ഷേ മെസ്സിയെ പോലെ ആവാൻ കഴിയില്ല “ഇതാണ് യുണൈറ്റഡ് താരം പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയുള്ള മത്സരത്തിൽ യുണൈറ്റഡ്നു വേണ്ടി ഇദ്ദേഹം കളിക്കളത്തിലേക്ക് എത്തിയിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി ക്ലബ്ബിൽ മോശം പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പകരം ഈ താരത്തെ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം വളരെയധികം ഉയരുന്നുണ്ട്. ഈ സന്ദർഭത്തിൽ തന്നെയാണ് ആന്റണിയെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പിൻവലിച്ചുകൊണ്ട് ഡയാലോയെ ടെൻ ഹാഗ് കളിക്കളത്തിലേക്ക് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *