ആശങ്കകൾക്ക് വിരാമം,ലൂയിസ് ഡയസിന്റെ പിതാവിനെ മോചിപ്പിച്ചു!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്തെ ആശങ്കപ്പെടുത്തിയ ഒരു വാർത്തയായിരുന്നു ലിവർപൂൾ സൂപ്പർ താരം ലൂയിസ് ഡയസുമായി ബന്ധപ്പെട്ട വാർത്ത. എന്തെന്നാൽ കഴിഞ്ഞ ഒക്ടോബർ 28 ആം തീയതി ആയുധധാരികളായ കുറച്ചുപേർ ഡയസിന്റെ അമ്മയെയും അച്ഛനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.പിന്നീട് അദ്ദേഹത്തിന്റെ മാതാവിനെ ഉടൻതന്നെ അവർ മോചിപ്പിച്ചു.
എന്നാൽ കഴിഞ്ഞ 12 ദിവസമായി ഈ സംഘത്തിന്റെ പിടിയിലായിരുന്നു ഡയസിന്റെ പിതാവ് ഉണ്ടായിരുന്നത്. കൊളംബിയയിലെ ഗറില്ല ഗ്രൂപ്പായ നാഷണൽ ലിബറേഷൻ ആർമിയായിരുന്നു ഇവരെ തട്ടിക്കൊണ്ടു പോയിരുന്നത്.താരത്തിന്റെ പിതാവിനെ ഇവർ മോചിപ്പിക്കാതെ വന്നതോടെ ആശങ്കകൾ വർധിച്ചിരുന്നു.
🚨 Luis Manuel Díaz, Lucho’s father, has been released today after spending the last 12 days kidnapped in Colombia.
— Fabrizio Romano (@FabrizioRomano) November 9, 2023
He’s with the police now after being released, as @VickyDavilaH reports.
Wonderful news for Luis Díaz; his dad and mom are finally both free and safe. pic.twitter.com/VjYxPlx60p
യുണൈറ്റഡ് നേഷൻസിന്റെ മനുഷ്യാവകാശ സംഘടന ഇതിൽ ഇടപെട്ടിരുന്നു. ഏതായാലും കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഈ ഗറില്ല ഗ്രൂപ്പ് മോചിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ പിതാവ് ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ചേർന്നിട്ടുണ്ട്.ലൂയിസ് ഡയസിന്റെ മാതാപിതാക്കളാണ് എന്നറിയാതെയാണ് തങ്ങൾ തട്ടിക്കൊണ്ടുപോയതെന്ന് ഗറില്ല ഗ്രൂപ്പ് സ്റ്റേറ്റ്മെന്റിലൂടെ വ്യക്തമാക്കിയിരുന്നു.ഏതായാലും ഇവരുടെ പ്രവർത്തി കൊളംബിയയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി വന്നുകൊണ്ട് ലൂയിസ് ഡയസ് ലിവർപൂളിന് വേണ്ടി സമനില നേടിയിരുന്നു. പിതാവിനെ മോചിപ്പിക്കൂ എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ആ ഗോൾ സെലിബ്രേഷൻ ഈ കൊളംബിയൻ സൂപ്പർതാരം നടത്തിയിരുന്നത്. ഇതോടെ ഇത് കൂടുതൽ വാർത്ത പ്രാധാന്യം നേടി. ഏതായാലും അദ്ദേഹത്തെ മോചിപ്പിച്ചത് ലൂയിസ് ഡയസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഫുട്ബോൾ ലോകത്തിനും ഏറെ ആശ്വാസം പകരുന്ന ഒരു കാര്യമാണ്.