ആലിസന്റെ പകരക്കാരനെ കൊണ്ടുവന്ന് ലിവർപൂൾ,പക്ഷേ!
ബ്രസീലിയൻ ഗോൾ കീപ്പറായ ആലിസൺ ബക്കറിനെ 2018ലായിരുന്നു ലിവർപൂൾ സ്വന്തമാക്കിയിരുന്നത്.അതുവരെ ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ലിവർപൂളിൽ ഒരുപാട് നേട്ടങ്ങളും കിരീടങ്ങളും സ്വന്തമാക്കാൻ ആലിസണ് കഴിഞ്ഞിരുന്നു.എന്നാൽ ഈ സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമായിരുന്നു.
സൗദി അറേബ്യയിൽ നിന്നും താരത്തിന് ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ ഈ സീസണിലും ലിവർപൂളിൽ തന്നെ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. നിലവിൽ ക്ലബ്ബിനകത്ത് ഹാപ്പിയാണെന്നും ഭാവി കാര്യങ്ങൾ ക്ലബ്ബുമായി കൂടിയാലോചിച്ച് ചെയ്യുമെന്നും ആലിസൺ നേരത്തെ വ്യക്തമാക്കിയിരുന്നു. അതായത് ഈ സീസണിന് ശേഷം ആലിസൺ ലിവർപൂൾ വിടാനുള്ള സാധ്യതകൾ ഏറെയാണ്.
അതിപ്പോൾ അടിവരയിട്ടു കൊണ്ട് ഒരു കാര്യം കൂടി സംഭവിച്ചിട്ടുണ്ട്. ലിവർപൂൾ മറ്റൊരു ഗോൾകീപ്പറെ സ്വന്തമാക്കി കഴിഞ്ഞു. വലൻസിയയുടെ ജോർജിയൻ ഗോൾകീപ്പറായ ജിയോർജി മമാർദഷ് വിലിയെയാണ് ലിവർപൂൾ സ്വന്തമാക്കിയിട്ടുള്ളത്. ഇക്കാര്യം ലിവർപൂൾ തന്നെ ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഈ സീസണിൽ താരം വലൻസിയയിൽ തന്നെ തുടരും. അടുത്ത സീസണിലാണ് ഈ ജോർജിയൻ ഗോൾകീപ്പർ ലിവർപൂളിൽ എത്തുക. കഴിഞ്ഞ യൂറോ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ താരം കൂടിയാണ് ഇദ്ദേഹം.ആലിസണുമായി കൂടിയാലോചിച്ചു കൊണ്ടാണ് ലിവർപൂൾ ഈ താരത്തെ സൈൻ ചെയ്തിട്ടുള്ളത്. തന്റെ പകരം ജിയോർജിയെ സൈൻ ചെയ്യാൻ ആലിസൺ അനുമതി നൽകുകയായിരുന്നു.
കാര്യങ്ങൾ വളരെ വ്യക്തമാണ്.അടുത്ത സീസണിൽ ഈ ബ്രസീലിയൻ ഗോൾകീപ്പർ ക്ലബ്ബിനോട് വിട പറയാൻ തന്നെയാണ് സാധ്യത.സൗദി അറേബ്യയിലേക്ക് പോകാനുള്ള സാധ്യതകൾ ഏറെയാണ്. ഏതായാലും ഈ സീസണിൽ മികച്ച പ്രകടനം നടത്തി ക്ലബ്ബിനോട് വിട പറയുക എന്നതാവും ആലിസണിന്റെ ലക്ഷ്യം.