ആലിസണിന് ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാവും : ക്ലോപ്

ലിവർപൂളിന്റെ മിന്നും ഗോൾ കീപ്പർ ആലിസൺ ബെക്കറിന് അത്ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമായേക്കും. താരത്തെ മത്സരത്തിൽ ലഭ്യമാവില്ല എന്ന് പരിശീലകൻ യുർഗൻ ക്ലോപാണ് സ്ഥിരീകരിച്ചത്. താരത്തിന്റെ ഇടുപ്പിനേറ്റ പരിക്കാണ് വിനയായതെന്നും തങ്ങൾ അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും ക്ലോപ് കൂട്ടിച്ചേർത്തു. അതേസമയം ഹെൻഡേഴ്‌സൺ തിരിച്ചെത്തുമെന്നും ക്ലോപ് അറിയിച്ചു.

” നിർഭാഗ്യവശാൽ ആലിസണിപ്പോൾ പുറത്താണ്. അദ്ദേഹത്തെ ബേൺമൗത്തിനെതിരെയും അത്ലറ്റികോക്കെതിരെയും നമ്മൾക്ക് ലഭ്യമാവില്ല. താരത്തിന്റെ ഇടുപ്പിലാണ് പരിക്കേറ്റിരിക്കുന്നത്. അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥകൾ പരിശോധിക്കുകയാണ് ” ക്ലോപ് പറഞ്ഞു. ആലിസണിന്റെ അഭാവത്തിൽ കഴിഞ്ഞ ദിവസം ചെൽസി നേരിട്ട ലിവർപൂൾ പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റെഡ്സ് പരാജയമറിഞ്ഞത്. അതിന് മുൻപ് വാട്ട്ഫോർഡിനെ നേരിട്ടപ്പോഴും ലിവർപൂൾ തോൽവിയേറ്റുവാങ്ങിയിരുന്നു. അന്ന് വലകാത്തിരുന്നത് ആലിസൺ ആയിരുന്നു.

അതേ സമയം അത്ലറ്റികോക്കെതിരെ പ്രതിരോധനിരയിൽ ഹെൻഡേഴ്‌സൺ തിരിച്ചെത്തുമെന്ന് ക്ലോപ് അറിയിച്ചു. എന്നാൽ ബേൺമൗത്തിനെതിരെ താരത്തിന്റെ സേവനം ലഭിച്ചേക്കില്ല. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും താരത്തെ വെച്ച് റിസ്ക് എടുക്കാൻ തയ്യാറല്ല എന്നാണ് ക്ലോപ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *