ആറു താരങ്ങളെ വിറ്റൊഴിവാക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാനൊരുങ്ങുന്നത് ആറു താരങ്ങളെയാണ്. കോവിഡ് പ്രതിസന്ധി ഏല്പിച്ച നഷ്ടം നികത്താനും ജേഡൻ സാഞ്ചോയെ ക്ലബിലെത്തിക്കാനുള്ള പണം കണ്ടെത്താനുമാണ് യുണൈറ്റഡ് തങ്ങളുടെ ആറോളം താരങ്ങളെ വിൽക്കാനൊരുങ്ങുന്നത്. സാഞ്ചോയെ ക്ലബിൽ എത്തിക്കാൻ അൻപത് മില്യൺ പൗണ്ടിന് മുകളിൽ എന്തായാലും യുണൈറ്റഡ് ചിലവഴിക്കേണ്ടി വരുമെന്നുറപ്പാണ്. കൂടാതെ കോവിഡ് പ്രതിസന്ധി മൂലം 115 മില്യൺ പൗണ്ടോളമാണ് യുണൈറ്റഡിന് നഷ്ടം വന്നതെന്നാണ് കണക്കുക്കൂട്ടുന്നത്. ഇതൊക്കെ തിരിച്ചു പിടിക്കാൻ ക്ലബിൽ ആവിശ്യമില്ലാത്ത താരങ്ങളെ വിറ്റൊഴിവാക്കുക എന്നാണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്.ജെസ്സെ ലിംഗാർഡ്, ഫിൽ ജോനസ്, അലക്സിസ് സാഞ്ചസ്, മാർക്കോസ് റോഹോ, ക്രിസ് സ്മാളിങ്, ഡിയഗോ ഡാലോട്ട് എന്നീ താരങ്ങളെയാണ് യുണൈറ്റഡ് വിൽക്കാൻ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ 75 മില്യൺ പൗണ്ടോളമാണ് യുണൈറ്റഡ് ചിലവാക്കിയത്. ഡാനിയൽ ജെയിംസ്, ആരോൺ വാൻ ബിസാക്ക, ഹാരി മഗ്വയ്ർ എന്നീ താരങ്ങളെയാണ് യുണൈറ്റഡ് വാങ്ങിയത്. അതേസമയം റൊമേലു ലുക്കാക്കുവിനെ മാത്രമേ യുണൈറ്റഡ് വിറ്റിട്ടുള്ളൂ. അതിനാൽ തന്നെ ഇപ്രാവശ്യം ഈ ആറു താരങ്ങളെ കയ്യൊഴിയാൻ തന്നെയാണ് തീരുമാനം. ജോനസും ലിംഗാർഡും വെസ്റ്റ്ഹാമിലേക്ക് ചേക്കേറുമെന്നാണ് സൂചനകൾ. മുൻ യുണൈറ്റഡ് പരിശീലകൻ ആയിരുന്ന ഡേവിഡ് മോയസ് ആണ് അവിടെ പരിശീലകൻ. സ്മാളിങ് നിലവിൽ റോമയിൽ ആണ് ലോണിൽ കളിക്കുന്നത്. താരത്തെ റോമ തന്നെ സ്ഥിരമായി നിലനിർത്താനാണ് സാധ്യത. റോഹോ അർജന്റൈൻ ക്ലബായ എസ്റ്റുഡിയന്റിസിൽ ആണ്. അവിടെ തന്നെ സ്ഥിരമായി തുടർന്നേക്കും. അതേസമയം സാഞ്ചസിന്റെ കാര്യത്തിൽ ആണ് സംശയം. ഇന്ററിൽ ലോണിൽ കളിക്കുന്ന താരത്തെ ഇന്റർ നിലനിർത്തുമോ എന്നത് സംശയത്തിലാണ്. താരത്തിന്റെ ഉയർന്ന സാലറി പ്രശ്നമാണ്. ഇന്റർ നിലനിർത്തിയിട്ടില്ലെങ്കിൽ ഒരു രണ്ട് വർഷം കൂടി സാഞ്ചസ് യൂണൈറ്റഡിനൊപ്പം കാണും.

Leave a Reply

Your email address will not be published. Required fields are marked *