ആരാധകർക്കിടയിലേക്ക് കത്തുന്ന ഫ്ലയർ എറിഞ്ഞു,റിച്ചാർലീസണ് പണി കിട്ടുമോ?
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ചെൽസിയെ പരാജയപ്പെടുത്താൻ എവെർട്ടണിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വന്തം മൈതാനത്ത് വെച്ച് എവെർടൺ ചെൽസിയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം റിച്ചാർലീസണാണ് എവെർട്ടണിന്റെ വിജയ ഗോൾ നേടിയത്.
എന്നാൽ ഈ ഗോളിന് ശേഷം റിച്ചാർലീസൺ നടത്തിയ പ്രവർത്തി ഇപ്പോൾ ഫുട്ബോൾ ലോകത്തെ വലിയ ചർച്ചയായിട്ടുണ്ട്. അതായത് ഗോൾ ആഘോഷിക്കുന്നതിനിടെ ആരാധകർക്കിടയിൽ നിന്നും നീല നിറത്തിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു ഫ്ലെയർ കളത്തിലേക്ക് എറിയപ്പെടുകയായിരുന്നു. എന്നാൽ ഗോൾ ആഘോഷിച്ചതിനു ശേഷം ഇത് കയ്യിലെടുത്ത റിച്ചാർലീസൺ ആരാധകർക്കിടയിലേക്ക് തന്നെ വലിച്ചെറിയുകയായിരുന്നു.ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
🧨 Richarlison 🧨 pic.twitter.com/YZHxXsVQbj
— B/R Football (@brfootball) May 1, 2022
യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള കരിമരുന്ന് പ്രയോഗങ്ങൾ തന്നെ ഇംഗ്ലീഷ് ഫുട്ബോളിൽ വിലക്കപ്പെട്ടതാണ്. ഏതായാലും ഇതേക്കുറിച്ച് എവെർട്ടണിന്റെ ക്ലബ്ബ് അധികൃതർ നൽകിയ വിശദീകരണം ഇങ്ങനെയാണ്. ” ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, പക്ഷേ ഞങ്ങൾ മനസ്സിലാക്കിയിടത്തോളം റിച്ചാർലീസൺ അത് ഗ്രൗണ്ടിന് വെളിയിലേക്ക് ഇടാനാണ് ശ്രമിച്ചത് ” ഇതാണ് അവർ പറഞ്ഞിട്ടുള്ളത്.
മുമ്പ് ലിവർപൂളിന്റെ യുവസൂപ്പർ താരമായ ഹാർവി എലിയട്ടും ഇത്തരത്തിലുള്ള ഫ്ലെയർ ഒരുതവണ കൈകാര്യം ചെയ്തിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തിനെതിരെ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.പക്ഷെ റിച്ചാർലീസൺ ഇത് ആൾക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞു എന്നുള്ളതാണ് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ഏതായാലും താരം നടപടികൾ നേരിടേണ്ടി വരുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.