ആന്റണി ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാതൃകയാക്കണം:എഡ്ഢി ഷെറിങ്‌ഹാം!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. താരത്തിനു വേണ്ടി വലിയ തുക തന്നെ യുണൈറ്റഡ് ചിലവഴിച്ചിരുന്നു. എന്നാൽ അതിനോട് നീതിപുലർത്തുന്ന ഒരു പ്രകടനം ആന്റണിക്ക് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. 8 ഗോളുകൾ മാത്രമാണ് ആന്റണി നേടിയിട്ടുള്ളത്.മാത്രമല്ല ഷോ ബോട്ടിങ്ങിന്റെ പേരിൽ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ എഡ്ഢി ഷെറിങ്ഹാം ആന്റണിക്ക് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. അതായത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആന്റണി മാതൃകയാക്കണം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. യുണൈറ്റഡിൽ വന്ന സമയത്ത് റൊണാൾഡോ ഇങ്ങനെയായിരുന്നുവെന്നും പക്ഷേ അതിനുശേഷം റൊണാൾഡോ പുരോഗതി കൈവരിച്ച് ഉയർന്ന തലത്തിൽ എത്തിയെന്നും ഷെറിങ്ഹാം കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ ആന്റണിയെ കുറിച്ച് അലക്സ് ഫെർഗൂസൻ എന്താണ് ചിന്തിക്കുന്നത് എന്നറിയാൻ എനിക്കിപ്പോൾ വളരെയധികം താൽപര്യമുണ്ട്. എന്തെന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെ തുടക്കകാലത്ത് ഇങ്ങനെയൊക്കെയായിരുന്നു.ലിറ്റിൽ ഫിസ്സ് പോപ് എന്നായിരുന്നു ഇത്തരത്തിലുള്ള വിങ്ങർമാരെ ഫെർഗൂസൻ വിശേഷിപ്പിച്ചിരുന്നത്. ആന്റണി മികച്ച ഗോളുകൾ നേടുന്നുണ്ട് എന്നുള്ളത് എനിക്കറിയാം.പക്ഷേ റൊണാൾഡോക്ക് സ്ഥിരതയുണ്ടായിരുന്നു. പ്രീമിയർ ലീഗിലെ തുടക്കകാലത്ത് റൊണാൾഡോ ആന്റണിയെ പോലെ ആയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം പുരോഗതി കൈവരിച്ച് ഒരുപാട് മികച്ച താരമായി മാറി. ഈ അവസരത്തിൽ ആന്റണി മാതൃകയാക്കേണ്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണ് “ഇതാണ് ഷെറിങ്ഹാം പറഞ്ഞിട്ടുള്ളത്.

21 മത്സരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആന്റണി കളിച്ചിട്ടുണ്ട്. നാല് ഗോളുകളും ഒരു അസിസ്റ്റും മാത്രമാണ് താരം നേടിയിട്ടുള്ളത്. റൈറ്റ് വിങ്ങ് പൊസിഷനിൽ കളിക്കുന്ന ഈ ബ്രസീലിയൻ സൂപ്പർതാരം തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *