ആഗ്രഹങ്ങളുടെ അഭാവം : എവെർടൺ വിട്ടു കൊണ്ട് ടോട്ടൻഹാമിൽ എത്താനുള്ള കാരണം പറഞ്ഞ് റിച്ചാർലീസൺ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ എവെർടൺ വിട്ടുകൊണ്ട് ടോട്ടൻഹാമിൽ എത്തിയത്. താരത്തിന് വേണ്ടി വലിയൊരു തുക തന്നെ സ്പർസ് ചിലവഴിച്ചിരുന്നു. നാല് വർഷക്കാലം എവെർടണിൽ തുടർന്നതിന് ശേഷമായിരുന്നു റിച്ചാർലീസൺ ക്ലബ്ബ് വിട്ടത്. കഴിഞ്ഞ സീസണിൽ പതിനാറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന എവർടൺ ഈ സീസണിൽ ഒരൊറ്റ മത്സരം പോലും വിജയിച്ചിട്ടില്ല

ഏതായാലും റിച്ചാർലീസൺ എവെർടൺ വിടാനുള്ള കാരണങ്ങളിപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് വിജയങ്ങളും കിരീടങ്ങളും നേടാനുള്ള ആഗ്രഹങ്ങൾ എവെർടണിൽ കുറഞ്ഞു കുറഞ്ഞു വരികയാണ് എന്നാണ് ഈ ബ്രസീലിയൻ സൂപ്പർതാരം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഫോർ ഫോർ ടു എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റിച്ചാർലീസണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എവർട്ടണിൽ ഹാപ്പിയായിരുന്നു. അവിടെ നിന്നും പഠിക്കാൻ കഴിഞ്ഞ കാര്യങ്ങൾക്കെല്ലാം എനിക്ക് വളരെയധികം നന്ദിയുണ്ട്.ഒരുപാട് ചരിത്രമുള്ള ഒരു വലിയ ക്ലബ്ബാണ് എവെർടൺ. പക്ഷേ സമീപകാലത്ത് ഇപ്പോൾ അവർ വലിയ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും അഭാവം നേരിടുന്നുണ്ട്.വിജയങ്ങളും കിരീടങ്ങളും നേടാനുള്ള ആഗ്രഹം അവിടെ കുറഞ്ഞു വരികയാണ്. ഞാൻ അവിടെ നാല് വർഷങ്ങൾ ചിലവഴിച്ചു.പക്ഷേ വലിയ നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നുള്ളത് ഞാൻ മനസ്സിലാക്കി ” ഇതാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്.

സ്പർസിന് വേണ്ടി 5 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച റിച്ചാർലീസൺ ഗോളുകൾ ഒന്നും നേടിയിട്ടില്ല.രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ രണ്ടു ഗോളുകൾ നേടാൻ റിച്ചാർലീസണ് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *