അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കറെ സ്വന്തമാക്കണം, നീക്കമാരംഭിച്ച് യുണൈറ്റഡ്!
നിലവിൽ മിന്നുന്ന ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന റിവർപ്ലേറ്റിന്റെ സൂപ്പർ സ്‌ട്രൈക്കറാണ് ജൂലിയൻ ആൽവരസ്. അത്കൊണ്ട് തന്നെ നിരവധി ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.യുവന്റസ്, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്,ലിവർപൂൾ, എഫ്സി ബാഴ്സലോണ എന്നീ ക്ലബുകൾ ഒക്കെ തന്നെയും താരത്തെ നോട്ടമിട്ട ക്ലബുകളായിരുന്നു.
Manchester United sent scout for Julián Álvarez, interest from top clubs. https://t.co/feoB5HwQzC
— Mundo Albiceleste 🇦🇷 (@MundoAlbicelest) December 22, 2021
ഇപ്പോഴിതാ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലിയൻ ആൽവരസിന്റെ പ്രകടനം വീക്ഷിക്കാനും വിലയിരുത്താനും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്കൗട്ടിനെ അയച്ചു എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ചർച്ചകളൊന്നും നടന്നിട്ടില്ല.ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡിന് പദ്ധതികളുമില്ല. മറിച്ച് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരിക്കും യുണൈറ്റഡ് ശ്രമങ്ങൾ നടത്തുക.
നിലവിൽ 17 മില്യൺ പൗണ്ടാണ് താരത്തിന് റിവർപ്ലേറ്റ് വിലയിട്ടിരിക്കുന്നത്. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഒരുപക്ഷേ താരത്തിനു വേണ്ടിയുള്ള വമ്പൻ ക്ലബ്ബുകളുടെ പോരാട്ടം കണ്ടേക്കാം. മിന്നുന്ന ഫോമിലാണ് താരം ഈ ലീഗ് സീസണിൽ കളിച്ചത്.റിവർപ്ലേറ്റിന് വേണ്ടി 21 മത്സരങ്ങൾ കളിച്ച താരം ആകെ 18 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.