അർജന്റൈൻ സൂപ്പർ താരത്തിന് വേണ്ടി രണ്ടാമതും ഓഫർ സമർപ്പിച്ച് ആഴ്സണൽ,തട്ടിയെടുക്കാൻ യുണൈറ്റഡ്!
അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസ് ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങളിൽ ഒന്നാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി സജീവമായി പ്രവർത്തിക്കുന്നത് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലാണ്. നേരത്തെ താരത്തിന് വേണ്ടി ഒരു ഓഫർ ആഴ്സണൽ നൽകിയിരുന്നുവെങ്കിലും അത് അയാക്സ് നിരസിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ഓഫറും ആഴ്സണൽ നൽകി കഴിഞ്ഞിട്ടുണ്ട്.
പ്രതിരോധനിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊണ്ടാണ് ആർട്ടെറ്റ ലിസാൻഡ്രോ മാർട്ടിനെസ്സിനെ ലക്ഷ്യം വെക്കുന്നത്. നേരത്തെ 29 മില്യൺ പൗണ്ടിന്റെ ഒരു ബിഡായിരുന്നു ആഴ്സണൽ അയാക്സിന് നൽകിയിരുന്നത്. എന്നാൽ ഇത് ഉടൻതന്നെ അയാക്സ് തള്ളിക്കളയുകയായിരുന്നു. ഇപ്പോഴിതാ 35 മില്യൺ പൗണ്ടിന്റെ പുതിയ ഒരു ബിഡ് ആഴ്സണൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനോട് പ്രതികരണമൊന്നും അയാക്സ് രേഖപ്പെടുത്തിയിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ ആഴ്സണലുള്ളത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഈ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) June 29, 2022
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനും ഈ അർജന്റൈൻ സൂപ്പർ താരത്തിൽ താല്പര്യമുണ്ട്.അതായത് യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് കീഴിൽ അയാക്സിൽ ലിസാൻഡ്രോ മാർട്ടിനസ് കളിച്ചിട്ടുണ്ട്.താരത്തിൽ ടെൻ ഹാഗിന് താല്പര്യവുമുണ്ട്. പക്ഷേ ഡി യോങ്ങിനെ സ്വന്തമാക്കുന്നതിന്റെ തിരക്കിലാണ് നിലവിൽ യുണൈറ്റഡുള്ളത്. എന്നിരുന്നാലും താരത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ യുണൈറ്റഡ് അയാക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫാബിയോ വിയേരയെ സ്വന്തമാക്കാൻ ആഴ്ണലിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഗബ്രിയേൽ ജീസസിന്റെ കാര്യത്തിലും ഗണ്ണേഴ്സ് കരാറിൽ എത്തിയിട്ടുണ്ട്.ഇനി ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കുന്നതിനാണ് ആഴ്സണൽ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്.