അർജന്റൈൻ താരത്തെ ലക്ഷ്യമിട്ട് ബിയൽസയുടെ ലീഡ്‌സ് യുണൈറ്റഡ് !

പതിനാറ് വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്. 2004-ൽ തരംതാഴ്ത്തപ്പെട്ട ലീഡ്‌സ് യുണൈറ്റഡ് പിന്നീട് ഈ സീസണിൽ ആണ് പ്രീമിയർ ലീഗ് യോഗ്യത നേടുന്നത്. അതിൽ മുഖ്യപങ്ക് വഹിച്ചത് അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയൽസയായിരുന്നു. തുടർന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് സൂപ്പർ താരം റോഡ്രിഗോ മൊറീനോയെ ലീഡ്‌സ് സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നു. ക്ലബ്ബിന്റെ റെക്കോർഡ് തുക നൽകിയാണ് താരത്തെ ലീഡ്‌സ് തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. ഇപ്പോഴിതാ ബിയൽസ മറ്റൊരു താരത്തെ കൂടി നോട്ടമിട്ടിരിക്കുകയാണ്.

ഉദിനസിന്റെ അർജന്റൈൻ താരം റോഡ്രിഗോ ഡി പോൾ ആണ് ഇപ്പോൾ ലീഡ്‌സ് യുണൈറ്റഡിന്റെ ലക്ഷ്യം.ഉദിനസുമായി ക്ലബ്‌ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഇരുപത്തിയാറുകാരനായ താരത്തിന് വേണ്ടി 30-35 മില്യൺ യുറോയുടെ അടുത്താണ് വിലയിട്ടിരിക്കുന്നത്. ബിയൽസക്ക് ഏറെ താല്പര്യമുള്ള താരമാണ് ഡിപോൾ എന്നാണ് അറിയാൻ കഴിയുന്നത്. 2016 മുതൽ ഉദിനസിന്റെ ഒപ്പമുള്ള താരമാണ് ഡിപോൾ. ലീഡ്‌സിലേക്ക് ചേക്കേറിയാൽ താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ക്ലബായിരിക്കും ലീഡ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *