അർജന്റൈൻ താരങ്ങളെ പ്രശംസകൾ കൊണ്ട് മൂടി യുണൈറ്റഡ് കോച്ച് ടെൻ ഹാഗ്!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ ആ മത്സരത്തിൽ ഒരു തകർപ്പൻ ഗോൾ നേടിയിരുന്നു. മാത്രമല്ല മറ്റൊരു അർജന്റീന സൂപ്പർതാരമായ ലിസാൻഡ്രോ മാർട്ടിനസ് ഈ സീസണിൽ ഉടനീളം യുണൈറ്റഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.
ഇനി യൂറോപ്പാ ലീഗിൽ എഫ് സി ബാഴ്സലോണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഈ മത്സരത്തിന് മുന്നേ അർജന്റൈൻ താരങ്ങളെ പ്രശംസിച്ചുകൊണ്ട് പരിശീലകനായ എറിക്ക് ടെൻ ഹാഗ് സംസാരിച്ചിട്ടുണ്ട്.ഗർനാച്ചോയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
“ഗർനാച്ചോ ഭാവിയിൽ ഒരു ഗ്രേറ്റ് ഫുട്ബോളറായി മാറും. പക്ഷേ അദ്ദേഹം ഇപ്പോൾ തന്റെ കരിയർ ആരംഭിച്ചിട്ടുള്ളൂ. അത് അദ്ദേഹം മനസ്സിലാക്കണം.കാലുകൾ നിലത്തുറപ്പിച്ചുകൊണ്ട് അദ്ദേഹം വർക്ക് തുടരണം. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് തന്റെ കരിയർ വിജയകരമാക്കാൻ കഴിയും ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
Los elogios de Erik Ten Hag a Lisandro Martínez y a Alejandro Garnacho en Manchester United
— TyC Sports (@TyCSports) February 13, 2023
El entrenador de Manchester United halagó a los argentinos del plantel en la previa al duelo ante Barcelona por la Europa League.https://t.co/GZd56fsP9Z
ലിസാൻഡ്രോ മാർട്ടിനസിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ” അദ്ദേഹത്തെ ആരാധകർ ബുച്ചർ അഥവാ കശാപ്പുകാരൻ എന്ന് വിളിക്കുന്നത് പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യമാണ്.വളരെ കഠിനമായ രൂപത്തിലാണ് അദ്ദേഹം കളിക്കുക, പക്ഷേ വൃത്തികെട്ട രൂപത്തിൽ അല്ല. എല്ലാവർക്കും ലിസാൻഡ്രോയുടെ ആറ്റിറ്റ്യൂഡ് ഇഷ്ടമാണ്. ടീമിനകത്ത് ഒരു സ്പിരിറ്റ് തന്നെ അദ്ദേഹം കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ കൈവശം പന്ത് ഉണ്ടെങ്കിൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം.അദ്ദേഹത്തെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. ഒരുപാട് കാലം ഒരുമിച്ച് തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്” ടെൻ ഹാഗ് പറഞ്ഞു.
വരുന്ന വ്യാഴാഴ്ചയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യൻ സമയം 11:15ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.