അസുഖം കാരണം ട്രെയിനിങ്ങിന് വന്നില്ല,പിന്നീട് നൈറ്റ് പാർട്ടിയിൽ,റാഷ്ഫോഡിന് പണി കിട്ടിയേക്കും!
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മോശം പ്രകടനമാണ് നടത്തുന്നത്. ഒരുപാട് തോൽവികൾ അവർക്ക് ഇതിനോടകം തന്നെ വഴങ്ങേണ്ടി വന്നിരുന്നു. മുന്നേറ്റ നിരയിലെ ഇംഗ്ലീഷ് സൂപ്പർതാരമായ മാർക്കസ് റാഷ്ഫോർഡും മോശം പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. 20 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ഈ താരം കേവലം 4 ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമാണ് നേടിയിട്ടുള്ളത്.
ഇപ്പോഴിതാ താരം മറ്റൊരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. അതായത് റാഷ്ഫോർഡ് ക്ലബ്ബിലെ ഒരു ദിവസത്തെ ട്രെയിനിങ് നഷ്ടപ്പെടുത്തുകയായിരുന്നു. അസുഖം കാരണമാണ് അദ്ദേഹം ട്രെയിനിങ് നഷ്ടപ്പെടുത്തിയത്. എന്നാൽ ഈ താരം അതിന് മുമ്പ് ബെൽഫാസ്റ്റിലുള്ള ഒരു ബാറിൽ എത്തിയിരുന്നു. അവിടുത്തെ നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു റാഷ്ഫോർഡ് എത്തിയിരുന്നത്.ഇതിന്റെ ചിത്രങ്ങൾ പുറത്തേക്ക് വരികയും ചെയ്തു.
Marcus Rashford missed #MUFC training hours after being spotted in a nightclubhttps://t.co/taGwJkSmz6
— talkSPORT (@talkSPORT) January 28, 2024
റാഷ്ഫോർഡിന്റെ ഈ പ്രവർത്തി ആരാധകരെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.ക്ലബ്ബിനകത്തും ഇത് വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരുപക്ഷേ താരത്തിനെതിരെ അച്ചടക്ക നടപടി മാഞ്ചസ്റ്റർ യുണൈറ്റഡ് കൈകൊണ്ടേക്കും. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ അച്ചടക്കത്തിന്റെ കാര്യത്തിൽ ടെൻ ഹാഗ് ഈ സൂപ്പർതാരത്തെ വിമർശിച്ചിരുന്നു. മാത്രമല്ല മീറ്റിങ്ങിന് ലേറ്റ് ആയി വന്നതിനാൽ അദ്ദേഹത്തെ സ്റ്റാർട്ടിങ് 11 ഈ പരിശീലകൻ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും അദ്ദേഹം വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്.
ഏതായാലും താരത്തിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കും എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. ഇന്ന് എഫ്എ കപ്പിൽ നടക്കുന്ന ഫോർത്ത് റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ന്യൂപോർട്ട് കൗണ്ടിയാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് എതിരാളികളുടെ മൈതാനത്തെ വച്ചുകൊണ്ടാണ് യുണൈറ്റഡ് ഈ മത്സരം കളിക്കുക.