അസാധാരണ പരിശീലകൻ:ടെൻഹാഗിനെ പ്രശംസിച്ച് പെപ്
ഇന്നലെ FA കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിട്ടുള്ളത്. യുവ സൂപ്പർതാരങ്ങളായ ഗർനാച്ചോ,മൈനൂ എന്നിവർ നേടിയ ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചിട്ടുള്ളത്. മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കരുത്തരായ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ കഴിഞ്ഞത് യുണൈറ്റഡിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.
FA കപ്പിലെ റിസൾട്ട് എന്തുതന്നെയായാലും ടെൻഹാഗിനെ യുണൈറ്റഡ് പുറത്താക്കും എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. പക്ഷേ കിരീടം നേടിയതുകൊണ്ട് അവരുടെ തീരുമാനത്തിൽ മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.അവർ അവരുടെ തീരുമാനം എടുക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ടെൻഹാഗ് അസാധാരണമായ ഒരു പരിശീലകനാണെന്നും പെപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അവർ അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്.ടെൻഹാഗ് മികച്ച ഒരു വ്യക്തിയാണ്.അതോടൊപ്പം തന്നെ അസാധാരണമായ ഒരു പരിശീലകനുമാണ്. കഴിഞ്ഞ സീസണിൽ FA കപ്പ് നേടൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു.ഈ സീസണിൽ അതുപോലെ FA കപ്പ് നേടൽ അവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതായിരുന്നു ” ഇതാണ് ടെൻഹാഗിനെ കുറിച്ച് പെപ് പറഞ്ഞിട്ടുള്ളത്.
വളരെ മോശം പ്രകടനമായിരുന്നു ഈ സീസണിൽ യുണൈറ്റഡ് നടത്തിയിരുന്നത്. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തായിരുന്നു അവർ ഫിനിഷ് ചെയ്തിരുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ കിരീടം ലഭിച്ചതോടെ യൂറോപ്പ ലീഗ് യോഗ്യത അവർക്ക് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.