അവർക്ക് രണ്ടുപേർക്കും ടീം വിടാം,20 താരങ്ങളെ മൈൻഡ് ചെയ്യുന്നു പോലുമില്ല: ചെൽസി കോച്ച്
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാത്രമായി 9 സൈനിങ്ങുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി നടത്തിയിട്ടുള്ളത്. നിലവിൽ നിരവധി താരങ്ങളെ ചെൽസിക്ക് ലഭ്യമാണ്. ഒരു വലിയ സ്‌ക്വാഡ് തന്നെ ഇപ്പോൾ ചെൽസിക്കുണ്ട്. ഇതിലെ പ്രശ്നം എന്തെന്ന് വെച്ചാൽ ഭൂരിഭാഗം താരങ്ങളും പുറത്തിരിക്കേണ്ടിവരും എന്നുള്ളതാണ്. ഒരുപാട് താരങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.
ഒരുപാട് താരങ്ങളെ വാങ്ങിക്കൂട്ടിയതിൽ വലിയ വിമർശനങ്ങൾ ചെൽസിക്ക് ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ ചെൽസിയുടെ പരിശീലകനായ എൻസോ മരെസ്ക്കക്ക് ഇക്കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ല. അതായത് 21 താരങ്ങളെ മാത്രമാണ് താൻ പരിഗണിക്കുന്നത് എന്നുള്ള കാര്യം പരിശീലകൻ തുറന്നു പറഞ്ഞിട്ടുണ്ട്.സ്റ്റെർലിങ്ങിനും ചിൽ വെല്ലിനും ക്ലബ്ബ് വിടാമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. ചെൽസി പരിശീലകൻ പറഞ്ഞത് ഇപ്രകാരമാണ്.
” ഞാൻ 42 താരങ്ങളുമായല്ല വർക്ക് ചെയ്യുന്നത്. മറിച്ച് 21 താരങ്ങളുമായാണ്. ബാക്കിവരുന്ന 15-20 താരങ്ങൾ മാറി നിന്നാണ് ട്രെയിനിങ് നടത്തുന്നത്. ഞാനവരെ പരിഗണിക്കുന്നു പോലുമില്ല. പുറത്തുനിന്ന് കാണുന്നപോലെ ഇവിടെ കുഴപ്പങ്ങൾ ഒന്നുമില്ല. താരങ്ങൾക്ക് വേണമെങ്കിൽ 20 വർഷത്തെ കരാർ ഒക്കെ ഉണ്ടായിരിക്കാം.എന്നാൽ ഞാനത് മൈൻഡ് ചെയ്യുന്നില്ല. ഇനിയും പുതിയ താരങ്ങൾ വന്നേക്കാം,പല താരങ്ങളും ക്ലബ്ബ് വിട്ടേക്കാം.അതൊക്കെ അതിന്റെ മുറക്ക് നടക്കും. കോൺട്രാക്ടുകളെ പറ്റി ചിന്തിക്കൽ എന്റെ ജോലിയല്ല. ടീമിന് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ ഉള്ളത്.ഞാൻ സത്യസന്ധമായി കുറച്ചു കാര്യങ്ങൾ പറയാം.ഇത്തവണ മിനിറ്റുകൾ ലഭിക്കാൻ ബുദ്ധിമുട്ടും എന്ന് ഞാൻ സ്റ്റെർലിങ്ങിനോട് പറഞ്ഞിട്ടുണ്ട്.ചിൽവെല്ലും ഇവിടെ ബുദ്ധിമുട്ടും. അത് ഞാൻ അവരോട് തന്നെ പറഞ്ഞിട്ടുണ്ട് “ഇതാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് സ്‌ക്വാഡിലെ പല താരങ്ങളെയും ക്ലബ് ഇപ്പോൾ പരിഗണിക്കുന്നു പോലുമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.ട്രാൻസ്ഫർ വിന്റോ അടക്കുന്നതിന് മുമ്പ് പലതാരങ്ങളെയും ഒഴിവാക്കാനുള്ള ശ്രമങ്ങൾ ചെൽസി നടത്തിയേക്കും. ഏതായാലും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇലവൻ നിർമ്മിക്കുക എന്നുള്ളത് തന്നെ പരിശീലകനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കും.