അവസാന ഏറ്റുമുട്ടലിന് പെപ്പും ക്ലോപും, ഉടൻ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിൽ പെപ്

നാളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തർ തമ്മിലാണ് ഏറ്റുമുട്ടുക.ഒന്നാം സ്ഥാനക്കാരായ ലിവർപൂളും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.നാളെ രാത്രി ഇന്ത്യൻ സമയം 9 മണിക്ക് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചു കൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഒരുപക്ഷേ കിരീട ജേതാക്കളെ തന്നെ നിർണയിച്ചേക്കാവുന്ന ഒരു മത്സരമായിരിക്കും ഇത്.

ഈ സീസണിന് ശേഷം ലിവർപൂളിന്റെ പരിശീലക സ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നുള്ള കാര്യം ക്ലോപ് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്ലോപും പെപ്പും അവസാനമായി ഏറ്റുമുട്ടുന്ന ഒരു മത്സരമായിരിക്കും ഇത്. അതോടൊപ്പം തന്നെ FA കപ്പിൽ ഇരുവരും മുഖാമുഖം വരാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. ഏതായാലും ക്ലോപിനെ കുറിച്ച് ചില കാര്യങ്ങൾ പെപ് പറഞ്ഞിട്ടുണ്ട്. പരിശീലക സ്ഥാനത്തേക്ക് ക്ലോപ് ഉടൻതന്നെ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പരിശീലക സ്ഥാനം ഒഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാൻ പൂർണ്ണമായും ബഹുമാനിക്കുന്നു.ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.അധികം വൈകാതെ തന്നെ അദ്ദേഹം പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തും. അദ്ദേഹം ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു.ആ പാഷൻ ഇപ്പോഴുമുണ്ട്.എന്തുകൊണ്ടാണ് പരിശീലകസ്ഥാനം ഒഴിയുന്നത് എന്നതിന്റെ കൃത്യമായ കാരണം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഞങ്ങൾ ഇരുവരും ഇത് അവസാനമായാണ് ഏറ്റുമുട്ടുന്നത്. ഒരുപക്ഷേ FA കപ്പിൽ മുഖാമുഖം വന്നേക്കാം “ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ആൻഫീൽഡിൽ വിജയിക്കുക എന്നുള്ളത് പെപ്പിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാ മലയാണ്. ഇതുവരെ 8 തവണയാണ് പെപ് ലിവർപൂളിനെ ആൻഫീൽഡിൽ വച്ചുകൊണ്ട് നേരിട്ടുള്ളത്. അതിൽ ഒരൊറ്റ വിജയം മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് സമനിലയും 5 തോൽവികളും പെപ്പിന് വഴങ്ങേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *