അവസാനആറു മത്സരങ്ങളിൽ ഒറ്റവിജയവുമില്ല, തപ്പിതടഞ്ഞ് മൊറീഞ്ഞോ

ഏറെ പ്രതീക്ഷകളോടെയായിരുന്നു ഹോസെ മൊറീഞ്ഞോ ടോട്ടൻഹാമിലെത്തിയത്. എന്നാലിപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തപ്പിത്തടയുകയാണ് മൊറീഞ്ഞോ. ടോട്ടൻഹാമിലെത്തിയ ശേഷം ഒരു മികച്ച വിജയം പോലും കരസ്ഥമാക്കാൻ മൊറീഞ്ഞോക്കായിട്ടില്ല. എന്നാലിപ്പോഴിതാ ഒരു നാണക്കേടിന്റെ കണക്കാണ് മൊറീഞ്ഞോയുടെ പേരിലായിരിക്കുന്നത്. തന്റെ കോച്ചിംഗ് കരിയറിൽ ഇതാദ്യമായാണ് ആറു കളികളിൽ ഒന്നിൽ പോലും വിജയിക്കാനാവാതെ പോവുന്നത്.

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ആർബി ലെയ്‌പ്‌സിഗിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മൊറീഞ്ഞോയുടെ ടോട്ടൻഹാം പരാജയം ഏറ്റു വാങ്ങിയത്. ഇതിന്റെ ആദ്യപാദത്തിലും സ്വന്തം മൈതാനത്ത് വെച്ച് ഒരു ഗോളിന്റെ തോൽവിയേറ്റുവാങ്ങാനായിരുന്നു ടോട്ടൻഹാമിന്റെ വിധി. ഇതോടെ അവസാനആറു മത്സരങ്ങളിൽ ഒന്നിൽ പോലും വെന്നിക്കൊടി നാട്ടാൻ ടോട്ടൻഹാമിനായില്ല. അവസാനആറു മത്സരങ്ങളിൽ നാല് തോൽവിയും രണ്ട് സമനിലയുമാണ് ടോട്ടൻഹാമിന്റെ സമ്പാദ്യം.

ഇന്നലത്തെ തോൽവി മൊറീഞ്ഞോയുടെ ചാമ്പ്യൻസ് ലീഗ് കരിയറിലെ ഏറ്റവും വലിയ തോൽവികളിലൊന്നായിരുന്നു. മാത്രമല്ല തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തോൽക്കുന്നതും മൊറീഞ്ഞോയുടെ ജീവിതത്തിൽ ഇതാദ്യമാണ്. മുൻനിര താരങ്ങളുടെ പരിക്കും ഡിഫൻസിന്റെ ഫോമില്ലായ്‌മയുമാണ് മൊറീഞ്ഞോക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നത്. ടീമിന്റെ ഗോളടിയന്ത്രങ്ങളായ ഹാരി കെയ്ൻ, ഹ്യൂങ് മിൻ സൺ എന്നിവരുടെ പരിക്ക് ടോട്ടൻഹാമിന് വമ്പൻ തിരിച്ചടിയാണ്. മാത്രമല്ല, തുടർച്ചയായി പിഴവുകൾ വരുത്തുന്ന പ്രതിരോധനിരയും ഈ മോശം ഫോമിന് ഉത്തരവാദികളാണ്. ഏതായാലും അടുത്ത സീസൺ മുതൽ ടീമിനെ അഴിച്ചുപണിയാൻ ഒരുങ്ങുകയാണ് മൊറീഞ്ഞോ.

One thought on “അവസാനആറു മത്സരങ്ങളിൽ ഒറ്റവിജയവുമില്ല, തപ്പിതടഞ്ഞ് മൊറീഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *