അമോറിമിനോട് ഒന്ന് സംസാരിക്കണം: പെപ്
ഈ സീസണിൽ ഇതുവരെ വളരെ ദയനീയമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ എറിക് ടെൻഹാഗിനെ യുണൈറ്റഡ് പുറത്താക്കിയിട്ടുണ്ട്.പകരം സ്പോർട്ടിംഗ് സിപിയുടെ പോർച്ചുഗീസ് പരിശീലകനായ റൂബൻ അമോറിമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമിച്ചിട്ടുണ്ട്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം യുണൈറ്റഡിനോടൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവരെ നിസ്റ്റൽറൂയി തന്നെയാണ് ടീമിനെ മുന്നോട്ടു കൊണ്ടുപോവുക.
വരുന്ന ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും സ്പോർട്ടിംഗ് സിപിയും തമ്മിലാണ് ഏറ്റുമുട്ടുക.ഈ സമയത്ത് റൂബൻ അമോറിമുമായി താൻ സംസാരിക്കും എന്ന കാര്യം സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുണ്ട്. കൂടാതെ അമോറിമിനെ പ്രീമിയർ ലീഗിലേക്ക് പെപ് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്കും ഇംഗ്ലണ്ടിലേക്കും ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. കൂടാതെ അഭിനന്ദനങ്ങൾ നേരുകയും ചെയ്യുന്നു. വരുന്ന ചൊവ്വാഴ്ച ഞങ്ങൾ തമ്മിൽ സംസാരിക്കും. സഹപ്രവർത്തകർക്ക് ഉപദേശം നൽകാൻ പറ്റിയ ആളൊന്നുമല്ല ഞാൻ. യുണൈറ്റഡ്നെ കുറിച്ച് കൃത്യമായ വിവരങ്ങളും ഉപദേശങ്ങളും നൽകാൻ ആവശ്യമായ ഒരുപാട് ആളുകൾ അവിടെ തന്നെയുണ്ട് ” ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ പോർച്ചുഗീസ് ലീഗിൽ ഗംഭീര പ്രകടനമാണ് സ്പോർട്ടിംഗ് ഇദ്ദേഹത്തിന് കീഴിൽ പുറത്തെടുക്കുന്നത്. കളിച്ച 10 മത്സരങ്ങളിലും വിജയിച്ചു കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അവർ. 35 ഗോളുകൾ നേടിയ അവർ കേവലം മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. 10 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകി കൊണ്ടാണ് യുണൈറ്റഡ് ഇപ്പോൾ ഈ പരിശീലകനെ കൊണ്ടുവന്നിട്ടുള്ളത്.