അബ്രമോവിച്ചിന്റെ വിലക്ക് ചെൽസിയെ എങ്ങനെയൊക്കെ ബാധിക്കും?

പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ റഷ്യൻ ഉടമസ്ഥനായ റോമൻ അബ്രമോവിച്ച് ഉടമസ്ഥ സ്ഥാനം ഒഴിയാനുള്ള ഒരുക്കത്തിലായിരുന്നു. റഷ്യ ഉക്രൈനുമായി നടത്തുന്ന യുദ്ധത്തിന്റെ പരിണിതഫലമെന്നോണമാണ് അബ്രമോവിച്ച് ഇതിന് നിർബന്ധിതനായത്.എന്നാൽ അദ്ദേഹത്തിന്റെ വസ്തുവകകൾ ബ്രിട്ടൺ ഗവൺമെന്റ് കഴിഞ്ഞദിവസം മരവിപ്പിക്കുകയും ചെയ്തിരുന്നു.ചെൽസിയെ വിൽക്കാൻ അബ്രമോവിച്ചിന് സാധിച്ചിരുന്നില്ല.

ഏതായാലും ഇദ്ദേഹത്തിന്റെ വിലക്ക് പലരൂപത്തിലും ചെൽസിക്ക് തിരിച്ചടിയാണ്.ഇത് എങ്ങനെ ചെൽസിയെ ബാധിക്കുമെന്നുള്ളത് നമുക്കൊന്നു പരിശോധിക്കാം.

ചെൽസിയെ ഇനി വിൽക്കാൻ സാധിക്കുമോ എന്നുള്ളതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ചോദ്യം.അബ്രമോവിച്ചിനോ റഷ്യൻ ഫെഡറേഷനോ ഗുണം ചെയ്യുന്നില്ലെങ്കിൽ ചെൽസിയുടെ വിൽപ്പന നടത്താം. ഇതിന്റെ നടപടിക്രമങ്ങളുമായി ക്ലബ്ബ് അധികൃതർ ഗവൺമെന്റുമായി ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

ചെൽസിയുടെ മത്സരങ്ങൾ നടക്കുമോ? ടിക്കറ്റ് വിൽപ്പനകൾ നടക്കുമോ എന്നുള്ളതാണ് അടുത്ത ചോദ്യം. ചെൽസിക്ക് ഏർപ്പെടുത്തിയ റഷ്യ റെഗുലേഷൻസ് എന്ന പ്രത്യേക ലൈസൻസിന് കീഴിൽ മത്സരങ്ങൾ കളിക്കാം.1400 സ്റ്റാഫുകൾക്കും താരങ്ങൾക്കും ശമ്പളം നൽകാനും ഇത് അനുവദിക്കുന്നുണ്ട്.

വരുന്ന നോർവിച്ചിനെതിരെയുള്ള മത്സരത്തിൽ കാണികളെ അനുവദിക്കും. എന്നാൽ അതിനുശേഷം സീസൺ ടിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് ഹോം മത്സരങ്ങൾ കാണാൻ അനുമതി ഉള്ളൂ. ബാക്കിയുള്ള ടിക്കറ്റ് വിൽപ്പനകൾ തടഞ്ഞിട്ടുണ്ട്.

അതുപോലെതന്നെ പുതിയ താരങ്ങളെ സൈൻ ചെയ്യാനോ നിലവിലെ താരങ്ങളെ വിൽക്കാനോ ചെൽസിക്ക് സാധിക്കില്ല. അതുമാത്രമല്ല താരങ്ങളുടെ കരാർ പോലും പുതുക്കാൻ ചെൽസിക്ക് കഴിയില്ല എന്നുള്ളതാണ്. പക്ഷേ ഈ വിലക്ക് വരുന്നതിന് മുമ്പുള്ള ഇടപാടുകൾ പൂർത്തിയാക്കാൻ ചെൽസിക്കു സാധിക്കും.

ചെൽസിയുടെ സ്പോൺസർമാർ സ്പോൺസർഷിപ്പുകൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ജാഗ്രത പുലർത്തുമെന്നും അവർ കൂട്ടിച്ചേർത്തിട്ടുണ്ട്. അതേസമയം ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾക്കും എവേ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള യാത്രകൾക്കും വേണ്ടി ഒരു നിശ്ചിത തുക ഗവൺമെന്റ് ചെൽസിക്ക് നിശ്ചയിച്ച് നൽകിയിട്ടുമുണ്ട്. ഏതായാലും മൂന്ന് ബില്യൺ പൗണ്ട് ആണ് ചെൽസിയുടെ വില.അബ്രമോവിച്ചിന്റെ ഈ വിലക്ക് എത്രകാലം തുടരും എന്ന് വ്യക്തമല്ല. അത് നിലവിൽ നടക്കുന്ന യുദ്ധത്തിനെ കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *