അന്ന് യുണൈറ്റഡിന്റെ ഓഫർ നിരസിക്കാനുള്ള കാരണം വെളിപ്പെടുത്തി സാഡിയോ മാനേ !

നിലവിൽ ലിവർപൂളിൽ മിന്നും ഫോമിൽ കളിക്കുന്ന സാഡിയോ മാനേയെ ലിവർപൂളിൽ എത്തുന്നതിന്റെ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. അന്ന് യുണൈറ്റഡിന്റെ പരിശീലകൻ ആയിരുന്ന ലൂയിസ് വാൻ ഗാൽ താൻ ലക്ഷ്യമിട്ട പത്തു സൂപ്പർ താരങ്ങളുടെ പേരുകൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വിട്ടിരുന്നു. അതിലൊരു താരം സാഡിയോ മാനേയായിരുന്നു. മാനെയെ കൂടാതെ റോബർട്ട്‌ ലെവന്റോസ്ക്കി, ഗോൺസാലോ ഹിഗ്വയ്‌ൻ, നെയ്മർ, റിയാദ് മെഹ്‌റസ്, തോമസ് മുള്ളർ, ങ്കോളോ കാന്റെ, ജെയിംസ് മിൽനർ, സെർജിയോ റാമോസ്, മാറ്റ് ഹമ്മൽസ്, എന്നീ താരങ്ങൾ ഒക്കെ തന്നെയും തന്റെ ലക്ഷ്യങ്ങൾ ആയിരുന്നു എന്നാണ് വാൻഗാൽ വെളിപ്പെടുത്തിയത്.എന്നാൽ ഈ വാൻ ഗാൽ തന്നെയാണ് താൻ യുണൈറ്റഡിൽ എത്താതിരിക്കാനുള്ള കാരണമെന്നാണ് മാനെ തുറന്നു പറഞ്ഞത്.

2016-ൽ ആയിരുന്നു താരംസതാംപ്ടണിൽ നിന്നും ലിവർപൂളിൽ എത്തിയത്. എന്നാൽ അതിന് മുമ്പ് വാൻ ഗാൽ താരത്തെ ടീമിൽ എത്തിക്കാൻ കഠിനശ്രമം നടത്തിയിരുന്നു. നല്ല സാലറിയും താരത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാൻ ഗാലിന്റെ കളി ശൈലി തനിക്ക് ഒരിക്കലും ഇഷ്ടപ്പെടാത്ത ഒന്നായിരുന്നുവെന്നും അത്കൊണ്ട് താൻ അത്‌ നിരസിക്കുകയുമായിരുന്നു എന്നുമാണ് മാനെ വെളിപ്പെടുത്തിയത്. ഇഎസ്പിഎൻ ആണ് മാനെയുടെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തത്. ട്രാൻസ്ഫർ മാർക്കറ്റിൽ ഒരുപാട് പണമെറിഞ്ഞിട്ടും ഒന്നും നേടാനാവാതെ പോയ പരിശീലകനാണ് വാൻഗാൽ. ആൻഡർ ഹെരേര, ലുക് ഷോ, മാർക്കോസ് റോഹോ എന്നീ താരങ്ങളെ എത്തിച്ചത് വാൻഗാൽ ആയിരുന്നു. കൂടാതെ റെക്കോർഡ് തുക നൽകി കൊണ്ട് ഡിമരിയയെയും അദ്ദേഹം ക്ലബിൽ എത്തിച്ചു. എന്നാൽ ഒരു എഫ്എ കപ്പ് ഒഴികെ ഒന്നും നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *