അന്ന് ബാഴ്സ യുണൈറ്റഡിനെ തകർത്തപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ പേഴ്സണാലിറ്റി? ബെർബക്കും എവ്രക്കുമെതിരെ ആഞ്ഞടിച്ച് പെപ്!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി പുറത്തായത്.ഇതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ പാട്രിസ് എവ്രയും ദിമിത്രി ബെർബറ്റോവും പെപ്പിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതായത് പെപ്പിനും സംഘത്തിനും പേഴ്സണാലിറ്റി ഇല്ല എന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്.

എന്നാൽ ഇതിനെതിരെ കനത്ത ഭാഷയിൽ ഇപ്പോൾ പെപ് പ്രതികരിച്ചിട്ടുണ്ട്. അതായത് പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണ രണ്ടുതവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയപ്പോൾ നിങ്ങളുടെ പേഴ്സണാലിറ്റി എവിടെയായിരുന്നു എന്നാണ് പെപ് ചോദിച്ചിട്ടുള്ളത്.2009-ലും 2011-ലുമായിരുന്നു പെപ്പിന്റെ ബാഴ്സ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്.ഇതേ കുറിച്ച് പെപ് പറഞ്ഞത് ഇങ്ങനെയാണ്.

” റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട സമയത്തും ഞങ്ങൾക്ക് മുമ്പുണ്ടായിരുന്ന അതേ പേഴ്സണാലിറ്റിയും ക്യാരക്ടറും തന്നെയായിരുന്നു ഉണ്ടായിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരങ്ങളായിരുന്ന എവ്രയുടെയും ബെർബയുടേയുമൊക്കെ പേഴ്സണാലിറ്റി എവിടെയായിരുന്നു. ഞാൻ അവർക്കെതിരെ കളിച്ചപ്പോൾ അവരുടെ പേഴ്സണാലിറ്റിയൊന്നും കണ്ടില്ല. ഞങ്ങൾ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു വിടുകയായിരുന്നു. അന്നൊന്നും അവരുടെ പേഴ്സണാലിറ്റി കണ്ടില്ലല്ലോ. കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്ന് 22 ഗോളുകളാണ് ഞങ്ങൾ നേടിയത്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അത്ഭുതകരമായ പേഴ്സണാലിറ്റിയുണ്ട് ” ഇതാണ് പെപ് പറഞ്ഞത്.

നിലവിൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരാണ് മാഞ്ചസ്റ്റർ സിറ്റി. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ സിറ്റിക്ക് ലീഗ് കിരീടം ചൂടാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *