അന്ന് ഫുട്ബോളിനെ ഇഷ്ടപ്പെടുന്നത് പോലും നിർത്തിയിരുന്നു : എമി മാർട്ടിനെസ്!

കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിൽ എത്തിയ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.15 ക്ലീൻ ഷീറ്റുകളാണ് അദ്ദേഹം ലീഗിൽ സ്വന്തമാക്കിയിരുന്നത്. പിന്നാലെ കോപ്പ അമേരിക്കയിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കുന്നതിലും മാർട്ടിനെസ് വലിയ പങ്ക് വഹിച്ചു. എന്നാൽ താരത്തിന്റെ കരിയറിൽ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു സമയമുണ്ടായിരുന്നു.

2012-ൽ ആഴ്സണലിൽ എത്തിയ താരം പിന്നീട് തുടർച്ചയായി ലോണിൽ അയക്കപ്പെടുകയായിരുന്നു.ഓക്സ്ഫോർഡ് യുണൈറ്റഡ്, ഷെഫീൽഡ് വെനസ്ഡേ,റോതർഹാം യുണൈറ്റഡ്,വോൾവ്‌സ്,ഗെറ്റാഫെ, റീഡിങ് എന്നീ ക്ലബുകളിലേക്ക് താരം ലോണിൽ അയക്കപ്പെടുകയായിരുന്നു.എന്നാൽ പിന്നീട് ലോണിൽ പോവാൻ വിസമ്മതിച്ച താരം ലെനോക്ക്‌ പരിക്കേറ്റ സമയത്ത് ആഴ്സണലിൽ തന്നെ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. അത് വഴി ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറുകയുമായിരുന്നു.ഇതോടെ താരത്തിന്റെ സമയം തെളിയുകയും ചെയ്തു. എന്നാൽ നിരന്തരം ലോണിൽ അയക്കപ്പെട്ടിരുന്ന സമയത്ത് താൻ ഫുട്ബോളിനെ സ്നേഹിക്കുന്നത് പോലും നിർത്തിയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എമിലിയാനോ മാർട്ടിനെസ്. ഇതേകുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയായിരുന്നു.

” ഞാൻ എപ്പോഴും കളിക്കാൻ തയ്യാറായിരുന്നു.എനിക്ക് ടാലെന്റ് ഉണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.പക്ഷെ എന്റെ 22-ആം വയസ്സിലും 23-ആം വയസ്സിലുമൊന്നും എനിക്ക് കളിക്കാൻ സാധിച്ചില്ല.ഞാൻ ലോണിൽ സ്പെയിനിൽ എത്തിയ സമയത്ത് 6 മത്സരങ്ങൾ മാത്രമാണ് കളിച്ചത്.ആഴ്സണലിലേക്ക് തിരികെ പോയാലും അവർ എനിക്ക് അവസരങ്ങൾ നൽകില്ലെന്ന് എനിക്കറിയാമായിരുന്നു. അതോടെ ഞാൻ ലോണിൽ തന്നെ തുടരാൻ തീരുമാനിച്ചു.ആ വർഷങ്ങൾ വളരെയധികം ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു.ചില സമയത്ത് ഞാൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നത് പോലും നിർത്തി.ഫുട്ബോൾ മത്സരങ്ങൾ കാണുന്നത് പോലും നിർത്താൻ ഞാൻ ആലോചിച്ചിരുന്നു.ഞാൻ ഒരിക്കലും എത്താൻ ആഗ്രഹിക്കാത്ത ചാമ്പ്യൻഷിപ്പിൽ വരെ ഞാൻ എത്തിയിരുന്നു.പക്ഷേ പിന്നീട് ഞാൻ സ്വയം ഒരു തീരുമാനമെടുത്തു. എന്റെ സൈക്കോളുജിസ്റ്റ് എന്നെ വളരെയധികം സഹായിച്ചു.എന്റെ ബുദ്ധിമുട്ടേറിയ സമയത്തെ ഞാൻ അതിജീവിച്ചു കൊണ്ട് ഒരു പുനർജന്മം നേടാൻ എനിക്ക് കഴിഞ്ഞു.എന്തെന്നാൽ ഞാൻ എന്നിലും എന്റെ ടാലെന്റിലും സ്വയം വിശ്വസിച്ചിരുന്നു. അങ്ങനെയാണ് ഞാൻ ഇന്നിവിടെ എത്തിയത് ” എമി മാർട്ടിനെസ് പറഞ്ഞു.

ഏതായാലും വലിയ കഷ്ടപ്പാടുകളിലൂടെ കടന്നു വന്ന ഈ അർജന്റൈൻ ഗോൾകീപ്പറിപ്പോൾ ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ താരമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *