അദ്ദേഹത്തോടൊപ്പം മത്സരിക്കാൻ ആർക്കും സാധ്യമല്ല : സൂപ്പർ താരത്തെക്കുറിച്ച് പെപ്!

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ എർലിംഗ് ഹാലന്റിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയുമോ എന്നുള്ള സംശയങ്ങൾ പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആ സംശയങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അത്യുജ്ജ്വല പ്രകടനമാണ് ഇപ്പോൾ ഹാലന്റ് സിറ്റിക്ക് വേണ്ടി പുറത്തെടുക്കുന്നത്. ഈ സീസണിൽ ആകെ 17 ഗോളുകൾ നേടാൻ ഹാലന്റിന് കഴിഞ്ഞിട്ടുണ്ട്. അതിൽ 14 ഗോളുകളും ഹാലന്റ് പ്രീമിയർ ലീഗിലാണ് നേടിയിട്ടുള്ളത്.

ഏതായാലും ഹാലന്റിനെ പ്രശംസിച്ചുകൊണ്ട് ഒരിക്കൽ കൂടി സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള രംഗത്ത് വന്നിട്ടുണ്ട്.ഹാലന്റിന്റെ പ്രായത്തിലുള്ള ആർക്കും തന്നെ ഹാലന്റുമായി മത്സരിക്കാൻ സാധിക്കില്ല എന്നാണ് പെപ് ഗ്വാർഡിയോള പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിറ്റി പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ആർക്കും തന്നെ ഹാലന്റുമായി മത്സരിക്കാൻ സാധിക്കില്ല.അദ്ദേഹം ഈ സീസണിൽ നേടിയ കണക്കുകൾ തന്നെ അദ്ദേഹത്തിന് വേണ്ടി സംസാരിക്കും.കേവലം അദ്ദേഹത്തിന്റെ കണക്കുകൾ മാത്രമല്ല ഞങ്ങളെ സന്തോഷിപ്പിക്കുന്നത്. ഡ്രസ്സിംഗ് റൂമിന് അകത്തും കളത്തിനകത്തുമുള്ള അദ്ദേഹത്തിന്റെ പല കാര്യങ്ങളും ഞങ്ങളെ സന്തോഷിപ്പിക്കുന്നുണ്ട് ” പെപ് ഗ്വാർഡിയോള പറഞ്ഞു.

ഏതായാലും ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി കളത്തിൽ ഇറങ്ങുന്നുണ്ട് എഫ്സി കോപൻഹേഗനാണ് സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *