അത്ഭുതപ്പെടുത്തുന്ന പ്രകടനം, ചെൽസിയുടെ ഉരുക്കുകോട്ടയായി തിയാഗോ സിൽവ !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രീ ഏജന്റ് ആയിക്കൊണ്ട് ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ ചെൽസിയിലെത്തിയത്. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് ഈ മുപ്പത്തിയാറുകാരൻ ചെൽസിയുമായി ഒരു വർഷത്തെ കരാറിൽ ഏർപ്പെട്ടത്. കൂടാതെ പരിശീലകൻ ഫ്രാങ്ക് ലംപാർഡ് താരത്തെ ക്യാപ്റ്റനാക്കുകയും ചെയ്തു. എന്നാൽ പ്രീമിയർ ലീഗിലെ ആദ്യമത്സരത്തിൽ തന്നെ സിൽവക്ക് അടിതെറ്റുന്നതാണ് കണ്ടത്. വെസ്റ്റ്ബ്രോംവിച്ചിനെതിരെ നടന്ന മത്സരത്തിൽ ചെൽസി മൂന്ന് ഗോളുകളാണ് വഴങ്ങിയിരുന്നത്. അതിലൊന്ന് സിൽവ വരുത്തി വെച്ച പിഴവിലൂടെയായിരുന്നു. പക്ഷെ താരങ്ങളും പരിശീലകനും സിൽവക്ക്‌ പിന്തുണ നൽകുകയാണ് ചെയ്തത്. മുൻ ചെൽസി ഡിഫൻഡറായിരുന്ന മാർസൽ ഡെസൈലി അന്ന് പറഞ്ഞത് ഇങ്ങനെയാണ്. ” തുടക്കത്തിൽ ഞാൻ അദ്ദേഹത്തെ കുറിച്ച് ഭയപ്പെട്ടിരുന്നു. പക്ഷെ എനിക്കറിയാം അദ്ദേഹം മാനസികമായി ഏറെ കരുത്തനാണ് എന്നുള്ളത്. വെസ്റ്റ് ബ്രോവിച്ചിനെതിരെ നടത്തിയ പിഴവിനെ അദ്ദേഹം തന്നെ കൈകാര്യം ചെയ്യും “.

പിന്നീട് സിൽവയുടെ അത്ഭുതപ്രകടനം തന്നെയാണ് കണ്ടത്. ഇംഗ്ലീഷ് അറിയാഞ്ഞിട്ട് പോലും ക്യാപ്റ്റന്റെ ഉത്തരവാദിത്തം അദ്ദേഹം നന്നായി നിറവേറ്റി. പ്രതിരോധനിരയിൽ ഉരുക്കുകോട്ട പോലെ നിലനിന്നു. പതിനാലു മത്സരങ്ങളിൽ സിൽവ ചെൽസിയോടൊപ്പം കളിച്ചപ്പോൾ അതിൽ ആകെ വഴങ്ങിയത് പത്ത് ഗോളുകൾ മാത്രമാണ്. എട്ട് ക്ലീൻഷറ്റുകളും കരസ്ഥമാക്കി. ചുരുക്കത്തിൽ വളരെ മികച്ച പ്രകടനമാണ് സിൽവ പുറത്തെടുത്തത്. താരതമ്യേന ബുദ്ധിമുട്ടേറിയ ലീഗെന്ന് വിലയിരുത്തപ്പെടുന്ന പ്രീമിയർ ലീഗിൽ മുപ്പത്തിയാറാം വയസ്സിൽ മിന്നുന്ന പ്രകടനം നടത്തുന്ന സിൽവ ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ചെൽസിയുടെ മികച്ച പ്രകടനത്തിലെ പ്രധാനപ്പെട്ട പങ്ക് സിൽവയുടേത് ആണ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *