അടി, തിരിച്ചടി, ഒടുവിൽ ടോറസിന്റെ ഹാട്രിക് മികവിൽ ജയം നേടി സിറ്റി!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ത്രസിപ്പിക്കുന്ന വിജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തു വിട്ടത്. പ്രീമിയർ ലീഗ് കിരീടമുറപ്പിച്ച ശേഷമുള്ള ആദ്യമത്സരത്തിനിറങ്ങിയ സിറ്റി ടീമിൽ വളരെയധികം മാറ്റാങ്ങൾ പരിശീലകൻ പെപ് ഗ്വാർഡിയോള നടത്തിയിരുന്നു. ന്യൂകാസിലിന്റെ മൈതാനത്ത്‌ വെച്ച് നടന്ന മത്സരത്തിൽ പലപ്പോഴും ന്യൂകാസിൽ ലീഡ് നേടിയെങ്കിലും ടോറസ് സിറ്റിയുടെ രക്ഷകനാവുകയായിരുന്നു. താരത്തിന്റെ ഹാട്രിക്കാണ് സിറ്റിക്ക് തുണയായത്.മത്സരത്തിന്റെ 42,64,66 മിനുട്ടുകളിലാണ് താരം ഹാട്രിക് പൂർത്തിയാക്കിയത്.നിലവിൽ 36 റൗണ്ടുകൾ പൂർത്തിയായപ്പോൾ 83 പോയിന്റുമായി സിറ്റി ബഹുദൂരം മുന്നിലാണ്.രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് 70 പോയിന്റാണ് ഉള്ളത്.

മത്സരത്തിന്റെ 25-ആം മിനുട്ടിൽ എമിൽ ക്രാഫ്ത്ത്‌ ആണ് ന്യൂകാസിലിന് ലീഡ് നേടികൊടുത്തത്.എന്നാൽ 39-ആം മിനിറ്റിൽ ജോവോ ക്യാൻസലോ സിറ്റിക്ക് സമനില നേടികൊടുത്തു.റോഡ്രിയുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ വന്നത്.42-ആം മിനുട്ടിൽ സിറ്റി ലീഡ് നേടി.ഗുണ്ടോഗന്റെ അസിസ്റ്റിൽ നിന്നാണ് ഫെറാൻ ടോറസാണ് ഗോൾനേടിയത്.എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പ് ജോവലിന്റൻ ന്യൂകാസിലിന് സമനില നേടികൊടുത്തു.രണ്ടാം പകുതിയുടെ 62-ആം മിനുട്ടിൽ ന്യൂകാസിൽ ലീഡ് നേടുകയായിരുന്നു.ജോസഫ് വില്ലോക്കിന്റെ പെനാൽറ്റി സിറ്റി ഗോൾകീപ്പർ കാഴ്സൺ തടഞ്ഞിട്ടുവെങ്കിലും റീബൗണ്ട് വില്ലോക്ക് തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.എന്നാൽ ഈ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല.64-ആം മിനിറ്റിൽ ജീസസിന്റെ അസിസ്റ്റിൽ നിന്ന് ഗോൾ നേടിയ ടോറസ് 66-ആം മിനുട്ടിലും ഗോൾനേടിക്കൊണ്ട് ഹാട്രിക്കും ടീമിന് വിജയവും നേടികൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *