അടിയും തിരിച്ചടിയും,ഒടുവിൽ സമനിലയിൽ പിരിഞ്ഞ് ബാഴ്സയും സിറ്റിയും!

ഇന്നലെ ചാരിറ്റിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സൗഹൃദ മത്സരത്തിൽ വമ്പൻമാരായ എഫ് സി ബാഴ്സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞിട്ടുള്ളത്.ക്യാമ്പ് നൗവിൽ വെച്ച് നടന്ന ഈ സൗഹൃദമത്സരം കാണാൻ 90000 ലധികം ആരാധകരായിരുന്നു തടിച്ചുകൂടിയിരുന്നത്.

ഒബമയാങ്ങ്,റാഫീഞ്ഞ,ടോറസ് എന്നിവരായിരുന്നു ബാഴ്സയുടെ മുന്നേറ്റ നിരയിൽ അണിനിരന്നിരുന്നത്.ഫോഡൻ,ജൂലിയൻ ആൽവരസ്,മഹ്റസ് എന്നിവർ സിറ്റിയുടെ മുന്നേറ്റ നിരയിലും ഉണ്ടായിരുന്നു.21-ആം മിനുട്ടിൽ ബാഴ്സ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്തുകൊണ്ടാണ് ജൂലിയൻ ആൽവരസ് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാൽ 29-ആം മിനുട്ടിൽ ഒരു തകർപ്പൻ ഷോട്ടിലൂടെ ഒബമയാങ്ങ് ബാഴ്സക്ക് സമനില നേടിക്കൊടുത്തു.

66-ആം മിനുട്ടിൽ ഫ്രങ്കി ഡി യോങ് ഗോൾ നേടിക്കൊണ്ട് ബാഴ്സയെ മുന്നിലെത്തിക്കുകയായിരുന്നു.എന്നാൽ 70-ആം മിനുട്ടിൽ പാൽമർ സിറ്റിക്ക് സമനില നേടിക്കൊടുത്തു.78-ആം മിനുട്ടിൽ റോബർട്ടോയുടെ പാസിൽ നിന്നും ഡീപേ ഫിനിഷ് ചെയ്തതോടെ മത്സരത്തിൽ 3-2 എന്ന സ്കോറിന് ബാഴ്സ മുന്നിലെത്തി. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് മഹ്റസ് സിറ്റിക്ക് സമനില സമ്മാനിക്കുകയായിരുന്നു.

ഏതായാലും ഇനി ബാഴ്സ ലാലിഗയിൽ റയൽ വല്ലഡോലിഡിനെയാണ് നേരിടുക. അതേസമയം സിറ്റിയുടെ അടുത്ത മത്സരം പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *