അഗ്വേറോക്ക് പകരക്കാരനെ വേണം, സൂപ്പർ താരത്തിന് വേണ്ടി വമ്പൻ ഓഫർ നൽകാനൊരുങ്ങി സിറ്റി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ സെർജിയോ അഗ്വേറോ ക്ലബ് വിട്ടത്. ഫ്രീ ട്രാൻസ്ഫറിൽ സ്പാനിഷ് ക്ലബായ എഫ്സി ബാഴ്സലോണയിലേക്കായിരുന്നു താരം ചേക്കേറിയത്. താരത്തിന്റെ സ്ഥാനത്തേക്ക് മറ്റൊരു സ്‌ട്രൈക്കറെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. ഇവർ പ്രഥമ പരിഗണന നൽകുന്നത് ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്നിനാണ്. താരത്തിന് വേണ്ടി വമ്പൻ ഓഫർ സ്പർസിന് നൽകാനൊരുങ്ങി നിൽക്കുകയാണ് സിറ്റി.100 മില്യൺ പൗണ്ടിന്റെ ഓഫറായിരിക്കും സമർപ്പിക്കുക. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

27-കാരനായ ഹാരി കെയ്ൻ ഈ സീസണോട് കൂടി ടോട്ടൻഹാം വിടുമെന്നുള്ള സൂചനകൾ മുമ്പ് തന്നെ നൽകിയിരുന്നു.കിരീടങ്ങളുടെ അഭാവമാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.താരത്തിന് ഇനിയും ടോട്ടൻഹാമുമായി മൂന്ന് വർഷത്തെ കരാർ അവശേഷിക്കുന്നുണ്ടെങ്കിലും ക്ലബ് താരത്തെ പോകാൻ അനുവദിക്കാനാണ് സാധ്യത. മാഞ്ചസ്റ്റർ സിറ്റി തന്നെയായിരിക്കും താരത്തിന്റെയും ലക്ഷ്യം. ഏതായാലും സിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു സ്ട്രൈക്കറെ അവർക്ക് അത്യാവശ്യമാണ്.കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ ടോപ് സ്‌കോററായ കെയ്നിന് അഗ്വേറോക്ക് പകരക്കാരനാവാൻ കഴിയുമെന്ന് തന്നെ പെപ് ഗ്വാർഡിയോള വിശ്വസിക്കുന്നത്. കഴിഞ്ഞ ലീഗിൽ 23 ഗോളും 14 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *