അക്കാര്യം സ്ഥിരീകരിക്കുകയാണെങ്കിൽ സിറ്റി വിടുമെന്ന് ഡിബ്രൂയിൻ
താൻ മാഞ്ചെസ്റ്റർ സിറ്റി വിട്ടേക്കുമെന്നുള്ള സൂചനകൾ നൽകി സൂപ്പർ താരം കെവിൻ ഡിബ്രൂയിൻ. കഴിഞ്ഞ ദിവസം ബെൽജിയൻ പബ്ലിക്കേഷനായ എച്ച്എൽഎന്നിന് നൽകിയ വീഡിയോ കാൾ അഭിമുഖത്തിലാണ് സിറ്റി വിടാൻ ആലോചിക്കുന്നതിന്റെ കാരണം താരം വെളിപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ ബാൻ സ്ഥിരീകരിക്കുകയാണെങ്കിൽ ആണ് ഡിബ്രൂയിൻ സിറ്റി വിടാനുള്ള ശ്രമങ്ങൾ ആരംഭിക്കുക. താരത്തിന് ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാതിരുന്നത് വലിയ ബുദ്ദിമുട്ടുള്ള കാര്യമാണ് എന്നും താരം വെളിപ്പെടുത്തി. 2015-ൽ സിറ്റിയിലെത്തിയ താരത്തിന് പിന്നാലെ യൂറോപ്യൻ വമ്പൻമാരായ റയൽ മാഡ്രിഡ്, ബാഴ്സലോണ, ബയേൺ എന്നിവരുണ്ട്. ഈയൊരു അവസരത്തിലാണ് സിറ്റി ആരാധകരെ ആശങ്കയിലാഴ്ത്തിയ പ്രസ്താവനയുമായി താരം രംഗത്ത് വന്നത്.
” സത്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഞാൻ സന്തുഷ്ടവാനാണ്. പക്ഷെ ക്ലബിന്റെ ബാൻ മാറും എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുകയാണ്. ക്ലബ് നൂറു ശതമാനം ശരിയായ കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ക്ലബ് അപ്പീലിന് പോവുമെന്നും ഞങ്ങൾക്ക് ഉറപ്പ് തന്നതാണ്. അത്കൊണ്ടാണ് എന്ത് സംഭവിക്കുമെന്ന് ഞാൻ കാത്തിരിക്കുന്നത്. തീർച്ചയായും എന്റെ ടീമിൽ എനിക്ക് വിശ്വാസമുണ്ട്. രണ്ട് വർഷം എന്നുള്ളത് എനിക്ക് നീണ്ടകാലയളവ് തന്നെയാണ്. പെപ് ഗ്വാർഡിയോള ടീം വിടുന്നതൊന്നും എന്നെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് എന്റേതായ തീരുമാനങ്ങൾ ഉണ്ട് ” ഡിബ്രൂയിൻ പറഞ്ഞു.