‘ഹാട്രിക് ‘ മാർഷ്യൽ, ഓൾഡ് ട്രാഫോഡിൽ ചുവന്നചെകുത്താൻമാരുടെ വിളയാട്ടം

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വലവിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെ തകർത്തു കൊണ്ടാണ് മാഞ്ചസ്റ്റർ കരുത്തുകാണിച്ചത്. ഹാട്രിക് നേടിയ ആന്റണി മാർഷ്യലാണ് യുണൈറ്റഡിന് അനായാസവിജയം നേടികൊടുത്തത്. ഇരട്ടഅസിസ്റ്റുകൾ നേടിക്കൊണ്ട് മാർക്കോസ് റാഷ്ഫോർഡും വിജയത്തിന് ചുക്കാൻ പിടിച്ചു. ടീം ഒന്നടങ്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച യുണൈറ്റഡ് അർഹിച്ച വിജയമാണ് നേടിയത്. ജയത്തോടെ നിർണായകമായ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാനും യുണൈറ്റഡിന് സാധിച്ചു. ജയത്തോടെ പതിമൂന്ന് വിജയവുമായി നാല്പത്തിയൊമ്പത് പോയിന്റോടെ അഞ്ചാമതാണ് യുണൈറ്റഡ്.ഇത്രയും പോയിന്റുള്ള വോൾവ്‌സ് തൊട്ടുപിറകിലായി ആറാം സ്ഥാനത്തുണ്ട്.

മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ മാർഷ്യൽ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. റാഷ്ഫോർഡിന്റെ കരുത്തേറിയ ക്രോസ് ഗതിമാറ്റി കൊണ്ട് വലയിലെത്തിച്ചാണ് മാർഷ്യൽ ഗോൾ നേടിയത്. തുടർന്ന് മറ്റൊരു സുവർണാവസരവും മാർഷ്യൽ നേടിക്കൊടുത്തു. ഗോളിയെ മറികടന്ന് റാഷ്ഫോർഡിന് പാസ്സ് നൽകിയെങ്കിലും താരം അത് പാഴാക്കുകയായിരുന്നു. 44-ആം മിനിറ്റിലാണ് താരത്തിന്റെ രണ്ടാം ഗോൾ പിറന്നുവീഴുന്നത്. ആരോൺ വാൻ ബിസാക്കയുടെ വലതുവിങ്ങിൽ നിന്നുള്ള ക്രോസ് മാർഷ്യൽ ലക്ഷ്യത്തിലെത്തിച്ചു. 74-ആം മിനിറ്റിലാണ് തന്റെ ആദ്യഹാട്രിക് മാർഷ്യൽ പൂർത്തിയാക്കുന്നത്. റാഷ്ഫോർഡും മാർഷ്യലും തമ്മിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഗോൾകീപ്പർക്ക് മുകളിലൂടെ ബോളിനെ വലയിലെത്തിച്ചു കൊണ്ട് മാർഷ്യൽ ഹാട്രിക് പൂർത്തിയാക്കി. പിന്നീട് തുടർച്ചയായി അഞ്ച് സബ്സ്റ്റിട്യൂഷനുകൾ സോൾഷ്യാർ നടത്തിയെങ്കിലും ഫലമൊന്നും കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *