യുണൈറ്റഡിന് താല്പര്യം പോച്ചെയോട്, റാൾഫ് നിർദേശിച്ചത് ഈ പരിശീലകനെ!

ഇടക്കാലത്തേക്ക് നിയോഗിക്കപ്പെട്ട റാൾഫ് റാഗ്നിക്കാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്. ഈ സീസണോട് കൂടി അദ്ദേഹത്തിന്റെ പരിശീലകകരാർ അവസാനിക്കും. ഇദ്ദേഹത്തെ ഒരു കൺസൾട്ടന്റായിട്ടായിരിക്കും യുണൈറ്റഡ് പിന്നീട് പരിഗണിക്കുക. അത്കൊണ്ട് തന്നെ ഒരു സ്ഥിര പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.

ആ സ്ഥാനത്തേക്ക് യുണൈറ്റഡ് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെയാണ്. പ്രീമിയർ ലീഗിൽ അദ്ദേഹത്തിന് തിളങ്ങാനാവുമെന്നാണ് യുണൈറ്റഡ് വിശ്വസിക്കുന്നത്. പിഎസ്ജിയിൽ അസംതൃപ്തനായ പോച്ചെട്ടിനോക്ക് യുണൈറ്റഡിൽ എത്താൻ ആഗ്രഹമുണ്ട്. അത്കൊണ്ട് തന്നെ യുണൈറ്റഡും പോച്ചെട്ടിനോയും തമ്മിൽ രഹസ്യ സംഭാഷണങ്ങൾ നടക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.സ്പോർട്സ് മെയിലാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അതേസമയം നിലവിൽ യുണൈറ്റഡിന്റെ പരിശീലകനും ഭാവി കൺസൾട്ടന്റുമായ റാൾഫിന് താല്പര്യം അയാക്സ് പരിശീലകനായ എറിക് ടെൻ ഹാഗിനോടാണ്. അദ്ദേഹത്തെ കൊണ്ടു വരുന്നതിനാണ് നിലവിൽ റാൾഫ് മുൻഗണന നൽകുന്നത്.അയാക്സിനെ മികച്ച രൂപത്തിലാണ് ഇദ്ദേഹം ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. പോച്ചെട്ടിനോ, ടെൻഹാഗ് എന്നിവരാണ് യുണൈറ്റഡ് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പരിശീലകർ.

അതിന് ശേഷമാണ് ലെസ്റ്റർ സിറ്റിയുടെ പരിശീലകനായ ബ്രണ്ടൻ റോജേഴ്സ് വരുന്നത്. ഇദ്ദേഹത്തെയും യുണൈറ്റഡ് പരിഗണിക്കുന്നുണ്ട്. ഈ മൂന്ന് പേരിൽ ഒരാൾക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അടുത്ത സീസണിൽ സിദാൻ പിഎസ്ജിയുടെ പരിശീലകൻ ആവുമെന്നുള്ള റൂമറുകൾ സജീവമാണ്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ പോച്ചെട്ടിനോ യുണൈറ്റഡിന്റെ പരിശീലകനാവാനുള്ള സാധ്യത ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!