മുന്നൂറ് മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫർ പദ്ധതികളുമായി പെപ് ഗ്വാർഡിയോള

ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഒരുപിടി മികച്ച താരങ്ങളെ ക്ലബിൽ എത്തിക്കണമെന്ന് പെപ് ഗ്വാർഡിയോള മുൻപ് ക്ലബ് അധികൃതരോട് ആവിശ്യപ്പെട്ടിരുന്നു. പ്രതിരോധനിരയിൽ ഉൾപ്പടെ കുറച്ചു താരങ്ങളെ സിറ്റിക്ക് എത്തിക്കൽ നിർബന്ധമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുൻപ് ടീം വിട്ട കോംപനി, നിലവിലെ താരങ്ങളായ അഗ്വേറൊ, സിൽവ, ഓട്ടമെന്റി എന്നിവർക്ക് പകരക്കാരെ അന്വേഷിച്ചു തുടങ്ങാനായി എന്നത് മുൻപ് അദ്ദേഹം തന്നെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഏകദേശം മുന്നൂറ് മില്യൺ പൗണ്ട് പെപ് ഗ്വാർഡിയോളക്ക് സിറ്റി അനുവദിച്ചു കൊടുത്തതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ ഡെയിലി സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 300 മില്യൺ പൗണ്ട് (330 മില്യൺ യുറോ ) സിറ്റി ഈ ട്രാൻസ്ഫറിൽ ചിലവഴിച്ചേക്കുമെന്നാണ് ഇവർ സൂചിപ്പിക്കുന്നത്.

ഈ ട്രാൻസ്ഫറിൽ ക്ലബ് വിട്ട ലിറോയ് സാനെക്ക് പകരക്കാരനെ കണ്ടെത്താനായിരിക്കും ആദ്യം സിറ്റി ശ്രമിക്കുക. വലൻസിയയുടെ ഫെറാൻ ടോറസിനെയാണ് ആദ്യം സിറ്റി പരിഗണിക്കുക. 30-40 മില്യൺ യുറോയുടെ അടുത്ത് താരത്തിന് ചിലവ് വന്നേക്കും. അതേ സമയം ബയേറിന്റെ ഹാവെർട്സിനെ സിറ്റി നോട്ടമിട്ടിരുന്നുവെങ്കിലും താരം ചെൽസിയുമായി ഏകദേശം ധാരണയിൽ എത്തിയിട്ടുണ്ട്. കൂടാതെ പ്രതിരോധനിരയിലേക്ക് രണ്ട് മികച്ച താരങ്ങളെയാണ് പെപ്പിന് നിലവിൽ ഏറ്റവും കൂടുതൽ ആവിശ്യം. നാപോളിയുടെ കാലിദൗ കൂലിബലിയാണ് സിറ്റി ഏറ്റവും കൂടുതൽ നോട്ടമിട്ടിരിക്കുന്ന താരം. നാപോളിയുമായി സിറ്റി ഇപ്പോഴും ചർച്ച നടത്തികൊണ്ടിരിക്കുന്ന ഒരു താരമാണ് കൂലിബലി. കൂടാതെ സെവിയ്യയുടെ ഡിയഗോ കാർലോസ്, ഇന്റർമിലാന്റെ സ്ക്രിന്നിയാർ എന്നിവരെയും സിറ്റി നോട്ടമിടുന്നുണ്ട്. കൂടാതെ ബയേൺ മ്യൂണിക്കിന്റെ ഡേവിഡ് അലാബയെയും ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ സിറ്റി നടത്തിയേക്കും. ഏതായാലും ഈ സീസണിൽ കൈവിട്ട പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് പെപ്.

Leave a Reply

Your email address will not be published. Required fields are marked *