മാഞ്ചസ്റ്റർ സിറ്റിയെ തോൽവിയിലേക്ക് തള്ളിയിട്ട അഞ്ച് കാര്യങ്ങൾ ഇതാണ് !

ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവിയാണ് മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ലിയോണിനോട് വഴങ്ങിയത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. റയൽ മാഡ്രിഡിനെതിരെ ആധികാരികമായ ജയം നേടിയ തലയെടുപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ സിറ്റിയെ ലിയോൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കുടഞ്ഞെറിഞ്ഞത്. ഫലമോ ഒരിക്കൽ കൂടി പെപ് ഗ്വാർഡിയോളക്കും സംഘത്തിനും ചാമ്പ്യൻസ് ലീഗ് സ്വപ്നമായി അവശേഷിച്ചു. സിറ്റിയുടെ തോൽവിക്ക് കാരണക്കാർ സിറ്റി തന്നെയാണ് എന്ന് പലരും അഭിപ്രായപ്പെട്ട കാര്യമാണ്. റിയോ ഫെർഡിനാന്റിന്റെ അഭിപ്രായത്തിൽ പെപ് ഗ്വാർഡിയോളയുടെ ടീം സെലെക്ഷൻ തന്നെ വലിയ അബദ്ധമായിരുന്നു എന്നാണ്. കൂടാതെ റഫറിയുടെ തീരുമാനങ്ങളും സിറ്റിക്ക് തിരിച്ചടിയായി എന്നാണ് ഇദ്ദേഹം പറഞ്ഞത്. രണ്ടാം ഗോൾ ശരിക്കും ഫൗൾ ആണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് മാധ്യമമായ മിററിന്റെ വിശകലനത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽവിയിലേക്ക് തള്ളിയിട്ട അഞ്ച് കാര്യങ്ങൾ ഇങ്ങനെയാണ്.

1- ഗ്വാർഡിയോളയുടെ പിഴച്ച തന്ത്രങ്ങൾ : ടീം സെലക്ഷനിൽ തന്നെ ഗ്വാർഡിയോളക്ക് പിഴവ് പറ്റിയിരുന്നു. 3-5-2 എന്ന ഫോർമാറ്റ്‌ ആണ് സിറ്റി ഉപയോഗിച്ചത്. വാൾക്കർ, ക്യാൻസലോ എന്നിവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. റോഡ്രി, ഗുണ്ടോഗൻ എന്നിവർക്കും ടീമിനെ സഹായിക്കാൻ കഴിഞ്ഞില്ല. ഡേവിഡ് സിൽവ, ബെർണാഡോ സിൽവ, മഹ്റസ് എന്നിവർക്ക് അവസരം നൽകിയിരുന്നെങ്കിൽ മാറ്റം ഉണ്ടായേനെ.

2- കളിയുടെ ഒഴുക്ക് നഷ്ടമായി : റയൽ മാഡ്രിഡിനെതിരെ താളത്തോടെ കളിച്ച സിറ്റിക്ക് അത് ലിയോണിനെതിരെ പുറത്തെടുക്കാൻ സാധിച്ചില്ല. ഇത് പലപ്പോഴും പിഴവുകൾ വരുത്തി വെക്കാൻ കാരണമാവുകയും ചെയ്തു.

3-സ്റ്റെർലിങ് സുവർണ്ണാവസരം തുലച്ചത് : മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്റ്റെർലിങ്ങിന് പഴയ ഫോം കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ 2-1 സ്കോറിന് പിറകിൽ നിൽക്കുന്ന സമയത്ത് ഗോൾ കീപ്പർ പോലും മുന്നിൽ ഇല്ലാത്ത അവസരത്തിൽ ലഭിച്ച സുവർണ്ണാവസരം താരം പുറത്തേക്ക് അടിക്കുകയായിരുന്നു. ഈ ഗോൾ നേടിയിരുന്നുവെങ്കിൽ സിറ്റി മത്സരത്തിലേക്ക് തിരിച്ചു വരുമായിരുന്നു.

4-ഹൈലൈൻ പ്രതിരോധം : സിറ്റിയുടെ ഹൈലൈൻ പ്രതിരോധമാണ് തോൽവിയുടെ മറ്റൊരു കാരണം. പലപ്പോഴും ലിയോൺ ആക്രമണം നടത്തുമ്പോൾ ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് പ്രതിരോധിക്കാൻ അവശേഷിക്കുന്നത്. കേവലം മൂന്ന് താരങ്ങളെ മാത്രം പ്രതിരോധത്തിന്റെ ചുമതല ഏൽപ്പിച്ചതും തിരിച്ചടിയായി.

5-അഗ്വേറൊയുടെ അഭാവം : താരത്തിന്റെ പകരകാരനായ ജീസസ് റയലിനെതിരെ തിളങ്ങി എങ്കിലും ഈ മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. ഇത്തരം മത്സരങ്ങളിൽ അഗ്വേറൊ പുറത്തെടുക്കുന്ന മികവ് ജീസസിൽ നിന്നും ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *