പ്രീമിയർ ലീഗിലെ താരം ബ്രൂണോ തന്നെ, ലാലിഗയിൽ മെസ്സിയെയും മറികടന്ന് ബെൻസിമ ഒന്നാമത്
ലാലിഗയിലെ കഴിഞ്ഞ ജൂൺ മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം റയൽ മാഡ്രിഡ് സ്ട്രൈക്കെർ കരിം ബെൻസിമക്ക്. കഴിഞ്ഞ മാസത്തിൽ മൂന്ന് ഗോളുകൾ നേടികൊണ്ടാണ് താരം പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം കൈക്കലാക്കിയത്. കൂടാതെ ജൂൺ മാസത്തിൽ കളിച്ച ഒരൊറ്റ മത്സരം പോലും റയൽ മാഡ്രിഡ് തോറ്റിരുന്നില്ല. ഈയൊരു കാര്യവും താരത്തെ പുരസ്‌കാരം നേടാൻ സഹായിച്ചു. ബാഴ്സ താരം ലയണൽ മെസ്സിയെ പിന്തള്ളി കൊണ്ടാണ് താരം പുരസ്‌കാരം നേടിയത്. ജൂണിൽ നടന്ന വലൻസിയക്കെതിരായ മത്സരത്തിൽ താരം ഇരട്ടഗോളുകൾ നേടിയിരുന്നു.
അതേ സമയം പ്രീമിയർ ലീഗിലെ പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് നേടി. തുടർച്ചയായി രണ്ടാം മാസത്തിലാണ് താരം പുരസ്‌കാരം നേടുന്നത്. ജൂണിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം സ്വന്തം പേരിൽ കുറിച്ചത്. മാർച്ചിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും താരത്തിന് ആയിരുന്നു. താരം യുണൈറ്റഡിൽ എത്തിയത് മുതൽ തകർപ്പൻ ഫോമിലാണ്. ഫെബ്രുവരി ഒന്ന് മുതൽ കളിച്ചു തുടങ്ങിയ താരം യുണൈറ്റഡിന് വേണ്ടി ഇതുവരെ പതിമൂന്നു ഗോളുകളിൽ പങ്കാളിത്തം വഹിച്ചു.