പ്രതിമ സ്ഥാപിക്കും, ഡേവിഡ് സിൽവക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ആദരം !

പത്ത് വർഷക്കാലം മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം സഞ്ചരിച്ച മധ്യനിര താരം ഡേവിഡ് സിൽവക്ക് ക്ലബിന്റെ ആദരം. താരത്തിന്റെ പ്രതിമ ഇത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ നിർമിക്കും എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ആദരിക്കുന്നത്. പത്ത് വർഷക്കാലത്തെ കരിയറിന് ശേഷം ഈ സീസണിൽ ക്ലബ് വിടുമെന്ന് മുപ്പത്തിനാലുകാരനായ താരം അറിയിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ നടന്ന ലിയോണിനെതിരായ മത്സരത്തോടെ താരം സിറ്റിയിൽ നിന്നും പടിയിറങ്ങുന്നയായിരുന്നു. സിറ്റിയുടെ മുൻ നായകൻ വിൻസെന്റ് കോമ്പനിയെയും ആദരിക്കുമെന്ന് സിറ്റി അറിയിച്ചിട്ടുണ്ട്. സിറ്റിയുടെ ചെയർമാൻ ആയ ഖൽദൂൻ അൽ മുബാറക് ആണ് ഇരുവരരോടുമുള്ള ക്ലബിന്റെ ബഹുമാനം അറിയിച്ചത്. 2021-ഓടെ പ്രതിമ അനാവരണം ചെയ്യുമെന്നും ഇദ്ദേഹം അറിയിച്ചു. ഒരു യഥാർത്ഥ നായകനായിരുന്നു സിൽവയും ക്ലബിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് താരം ക്ലബ് വിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത സീസണിൽ സ്പാനിഷ് ക്ലബ് ആയ റയൽ സോസിഡാഡിന് വേണ്ടിയാണ് താരം പന്തു തട്ടുക. പത്ത് വർഷത്തിന് ശേഷമാണ് താരം സിറ്റിയുടെ നീലജേഴ്സി അഴിച്ചു വെക്കുന്നത്. 436 മത്സരങ്ങളാണ് താരം സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ ലിയോണിനോടുള്ള മത്സരമായിരുന്നു താരത്തിന്റെ അവസാനമത്സരം. സിറ്റിക്കൊപ്പം നാലു പ്രീമിയർ ലീഗ്, അഞ്ച് ലീഗ് കപ്പ്, രണ്ട് എഫ്എ കപ്പ്, മൂന്ന് കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ താരം നേടിയിട്ടുണ്ട്. താരം അർഹിച്ച രീതിയിലുള്ള യാത്രയപ്പാണ് സിറ്റി നൽകുന്നത്.കൂടാതെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും താരത്തിന് വിടവാങ്ങൽ വീഡിയോകൾ സിറ്റി പങ്കുവെച്ചിട്ടുണ്ട്. സിറ്റി ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് നന്ദിയും ആശംസകളും നേർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *