ടെൻ ഹാഗിനെ വിമർശിച്ച സാഞ്ചോക്കെതിരെ നടപടിയെടുത്ത് യുണൈറ്റഡ്!

കഴിഞ്ഞ ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം രുചിക്കേണ്ടി വന്നിരുന്നു. ആ മത്സരത്തിനുള്ള സ്‌ക്വാഡിൽ സൂപ്പർ താരം ജേഡൻ സാഞ്ചോക്ക് ഇടമുണ്ടായിരുന്നില്ല.എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നതിനുള്ള ഒരു വിശദീകരണം പരിശീലകനായ എറിക്ക് ടെൻ ഹാഗ് നൽകിയിരുന്നു. ട്രെയിനിങ് യഥാർത്ഥ രീതിയിൽ നടത്താത്തത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റിനിർത്തിയത് എന്നായിരുന്നു ടെൻ ഹാഗ് പറഞ്ഞിരുന്നത്.

എന്നാൽ ഇതിനെതിരെ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിക്കൊണ്ട് സാഞ്ചോ രംഗത്ത് വന്നിരുന്നു. താൻ ട്രെയിനിങ് നല്ല രീതിയിൽ നടത്തിയിട്ടുണ്ടെന്നും തന്നെ ബലിയാടാക്കുകയാണ് ചെയ്യുന്നത് എന്നുമായിരുന്നു ഇദ്ദേഹം ആരോപിച്ചിരുന്നത്. ഈ സ്റ്റേറ്റ്മെന്റ് വിവാദമായതോടുകൂടി സാഞ്ചോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അത് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ പരിശീലകനെ പരസ്യമായി വിമർശിച്ച ഇദ്ദേഹത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ നടപടികൾ എടുത്തിട്ടുണ്ട്.

യുണൈറ്റഡ് അദ്ദേഹത്തെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സാഞ്ചോ ഇനി തനിച്ച് പരിശീലനം നടത്തുമെന്നാണ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ യുണൈറ്റഡ് അറിയിച്ചിട്ടുള്ളത്. അടുത്ത മത്സരത്തിൽ യുണൈറ്റഡ് ബ്രൈറ്റണെയാണ് നേരിടുക. ഈ മത്സരത്തിൽ സാഞ്ചോ ഉണ്ടാവില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. ടീമിനോടൊപ്പം പരിശീലനം നടത്താനുള്ള അനുമതിയാണ് അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ട്രെയിനിങ്ങിന്റെ കാര്യത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും പലപ്പോഴും അലംഭാവം കാണിക്കുന്ന വ്യക്തിയാണ് സാഞ്ചോ. നേരത്തെ മാഞ്ചസ്റ്റർ സിറ്റിയിലും ബൊറൂസിയയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു മണിക്കൂറോളം ലേറ്റ് ആയികൊണ്ടാണ് അദ്ദേഹം യുണൈറ്റഡിന്റെ ട്രെയിനിങ്ങിന് എത്തിയിരുന്നത്. അതുകൊണ്ടാണ് ടെൻ ഹാഗ് അദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നത്. അച്ചടക്കത്തിന്റെ കാര്യത്തിൽ പലപ്പോഴും കർശനമായ നടപടികൾ സ്വീകരിക്കുന്ന പരിശീലകനാണ് ടെൻ ഹാഗ്.

Leave a Reply

Your email address will not be published. Required fields are marked *